തിരുവനന്തപുരം: മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരുപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ കേരളത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക് കുറിപ്പിൽ കമന്റുമായി മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലതെന്നാണ് സുരേന്ദ്രൻ കമന്റ് ചെയ്തത്. കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സി പദവിയുടെ അന്തസിനും നിരക്കാത്ത നടപടിയാണിതെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനാണ് കെ. സുരേന്ദ്രൻ മറുപടിയുമായി എത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്ന രീതിയിൽ ആർ.എസ്.എസ് വേദി പങ്കിട്ട മൂന്ന് വൈസ് ചാൻസലർമാരും കേരളത്തിലെ പ്രബുദ്ധ ജനതയോട് മാപ്പ് പറയാൻ തയ്യാറാകണം.
കേരളീയ പൊതുസമൂഹം വലിയ ആദരവോടെയാണ് വൈസ് ചാൻസലർ പദവിയെ കാണുന്നത്. എന്നാൽ, ആ പാരമ്പര്യത്തെയും അന്തസിനെയും പൂർണ്ണമായി കളങ്കപ്പെടുത്തുന്ന രീതിയിലാണ് തീവ്ര വർഗീയത പ്രസംഗിക്കുന്ന ആർ.എസ്.എസ് നേതാവിൻറെ പരിപാടിയിൽ ഇവർ മുഖ്യാതിഥികളായി പങ്കെടുത്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.














































