കൊച്ചി: സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രമല്ലല്ലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞതെന്നും, ഇപ്പോൾ അത് എങ്ങനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. മലബാറിൽ ഓർഡിനറി ബസുകൾ ഇല്ലെന്നും, ഇത് ആളെ പറ്റിക്കലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ പറയുന്നത് ഒന്നല്ല, ചെയ്യുന്നത് മറ്റൊന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എം വി ഗോവിന്ദന് മറുപടിയുമായി ഗതാഗത മന്ത്രി സി.പി. ജോൺ രംഗത്തെത്തി. സിപിഎമ്മിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്ന് അദ്ദേഹം പരിഹസിച്ചു. സിപിഎം പല തെറ്റുകളും തിരുത്തുന്നുണ്ടല്ലോ, ഈ തെറ്റും അവർക്ക് പിന്നീട് തിരുത്തേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും അവർ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന തീരുമാനം തിരുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളി സ്ത്രീകൾക്ക് ഏറെ ഉപയോഗപ്പെടുന്ന പദ്ധതിയാണിത്. ആ പദ്ധതി ഒരു തൊഴിലാളി വർഗ്ഗ പാർട്ടി തന്നെ ബഹിഷ്കരിച്ചാൽ എന്ത് ചെയ്യും? ഇത് ചരിത്രപരമായ വിഡ്ഢിത്തമാണ്. ഈ പദ്ധതി ബഹിഷ്കരിച്ചാൽ അവർക്ക് ബസ് മിസ്സാകുമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രിയദർശിനി സൗജന്യയാത്ര വഴി കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തണമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. തുക മാസം അവസാനം നൽകാമെന്ന സർക്കാരിന്റെ വാഗ്ദാനം കെഎസ്ആർടിസി തള്ളിയിരുന്നു. നിലവിൽ സർക്കാർ മാസംതോറും നൽകുന്ന 125 കോടി രൂപ കൊണ്ടാണ് ശമ്പളവും പെൻഷനും നൽകുന്നത്. ഇതിന് പുറമേയാണ് സൗജന്യയാത്രയ്ക്കായി പ്രതിമാസം 60 കോടി രൂപ കൂടി കണ്ടെത്തേണ്ടത്.















































