അമ്മായിയമ്മ- മരുമകൾ പോരിനെക്കുറിച്ച് നടൻ ബൈജു സന്തോഷ് മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. മരുമകളെ അമ്മായിയമ്മ സ്വന്തം മകളെ പോലെ കാണുകയും തിരിച്ച്, വരുന്ന പെണ്ണ് അവരെ അമ്മയെ പോലെ കാണുകയും ചെയ്താൽ പ്രശ്നം തീർന്നുവെന്ന് ബൈജു പറയുന്നു.
അതോടൊപ്പം ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചിൽ ആണെന്നും ബൈജു കൂട്ടിച്ചേർത്തു. “നമ്മുടെ ആണുങ്ങളുടെ ഒരു പ്രത്യേകത അറിയാമോ. നമ്മളെപ്പോഴും ഭാര്യയുടെ അമ്മയെ അമ്മയായി തന്നെ കാണും. പക്ഷേ ഈ ഭാര്യമാർ തിരിച്ചു കാണത്തില്ല. അതെന്താ അങ്ങനെ”.- എന്നാണ് ബൈജു ചോദിച്ചത്. ഇതിന് പിന്നാലെ ‘അമ്മായിയമ്മ മരുമക്കളെ മക്കളായി കാണുന്നില്ലല്ലോ’ എന്ന് നടി അശ്വതി പറഞ്ഞു. ‘അങ്ങനെ കാണുന്നവരും കാണാത്തവരുമുണ്ടെന്നായിരുന്നു’ ബൈജുവിന്റെ മറുപടി.
“ഒരു വീട്ടിൽ ഒരു പ്രശ്നവും ഇല്ലാതിരിക്കണമെങ്കിൽ, ഒന്ന് വരുന്ന മരുമകളെ അമ്മായിയമ്മ സ്വന്തം മകളെ പോലെ കാണുക.തിരിച്ച് ഈ വരുന്ന പെണ്ണ് അമ്മയെ പോലെ കണ്ടാൽ പ്രശ്നം തീർന്നു. ഒരിക്കലും അവരങ്ങനെ കാണാൻ ശ്രമിക്കില്ല എന്നതാണ് കാര്യമെന്നും ബൈജു കൂട്ടിച്ചേർത്തു. വേറൊരു കാര്യം എന്താണെന്നു വച്ചാൽ കുഴപ്പം പിടിച്ച അമ്മായിയമ്മമാരും ഉണ്ട്. കുഴപ്പം പിടിച്ച മരുമക്കളുമുണ്ട്. എല്ലാമുണ്ട്, പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇതൊരിക്കലും കോംപ്രമൈസ് ആകുന്ന കാര്യമല്ലെന്നും ബൈജു പറയുന്നു.















































