തിരുവനന്തപുരം: സംസ്ഥാന ഐ.എ.എസ് തലത്തിൽ വ്യാപക അഴിച്ചുപണിയുമായി സർക്കാർ. സസ്‌പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറിയാക്കി.
അൻപതിലധികം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ലാൻഡ് റവന്യൂ കമ്മീഷണർ, തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എന്നീ രണ്ട് പുതിയ തസ്തികകളും സൃഷ്ടിച്ചു. തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി ദിവ്യ എസ്. അയ്യരെയും നിയമിച്ചു.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് കയർ വികസനം, ഹൗസിങ് വകുപ്പുകളുടെ അധിക ചുമതല നൽകി. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്റെയും സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിയുടെയും ചുമതല ലഭിച്ചു. കെ.എസ്.ഇ.ബി ചെയർമാനായിരുന്ന മിൻഹാജ് ആലത്തെ കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും നിയമിച്ചു.
വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ഷർമിള മേരി ജോസഫിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ നിലവിലെ ചുമതലയിൽ തുടരും. ഡോ. രാജു നാരായണസ്വാമിയെ സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ഡോ. രത്തൻ യു. ഖേൽക്കറിന് കോസ്റ്റൽ ഷിപ്പിങ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് അടക്കമുള്ള വകുപ്പുകളുടെ അധിക ചുമതല നൽകി. ബിജു കെ വനം-വന്യജീവി വകുപ്പ് സെക്രട്ടറിയായും ടി.വി. അനുപമ ഗതാഗത വകുപ്പ് സെക്രട്ടറിയായും ചുമതലയേൽക്കും.
സ്പെഷ്യൽ സെക്രട്ടറി തലത്തിലും നിരവധി മാറ്റങ്ങളുണ്ട്. എൻ. പ്രശാന്തിന് കായിക വകുപ്പിന്റെ ചുമതല നൽകിയപ്പോൾ ജീവൽ ബാബുവിനെ റവന്യൂ-ദുരന്തനിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. സുഹാസ് എസ് ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ഡോ. അദീല അബ്ദുള്ള പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ഷാനവാസ് എസ് തദ്ദേശഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിതരായി.
കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായി എം.ജി. രാജമാണിക്കത്തെ നിയമിച്ചു. ഡോ. രേണു രാജിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും അഫ്‌സാന പർവീണിനെ കോളജ് വിദ്യാഭ്യാസ ഡയറക്ടറായും നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്‌നേഹിൽ കുമാർ സിങ്ങിനെയും നോർക്ക ഡയറക്ടറായി ആസിഫ് കെ. യൂസഫിനെയും നിയമിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ കമ്മീഷണറായി ശ്രീധന്യ സുരേഷിനെയും കെ.ടി.ഡി.സി എം.ഡിയായി ഹർഷിൽ ആർ. മീനയെയും നിയമിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.


















































