സലിംകുമാറിന്റെ ആശുപത്രിവാസത്തേയും മരണത്തേയും കേട്ടാലറയ്ക്കുന്ന വിധം ആക്ഷേപിച്ചവർക്ക് രൂക്ഷ ഭാഷയിൽ മറുപടി നൽകി ജോയ് മാത്യു. ഇടതുപക്ഷ രാഷ്ട്രീയത്തെ മുഖം നോക്കാതെ വിമർശിച്ച നടൻ സലിംകുമാറിന്റെ രാഷ്ട്രീയ ഇടപെടലുകളോടുള്ള അമർഷം സഭ്യതയുടെ അതിർവരുമ്പുകൾ ഭേദിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചവർക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഈ വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കുന്നത് അപരിഷ്കൃത സംഘങ്ങളാണെന്നു തുറന്നു പറഞ്ഞ ജോയ് മാത്യു ഇത്തരം സംഘങ്ങളോട് ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ എന്ന് ആവശ്യപ്പെടാൻ ശേഷിയുള്ള ഒരു നേതാവ് പോലും പാർട്ടിയിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്നും ജോയ് മാത്യു തുറന്നടിച്ചു. ‘അശ്‌ളീല രാഷ്ട്രീയത്തിന്റെ ചരമഗീതി’ എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു തന്റെ പ്രതിഷേധക്കുറിപ്പ് പങ്കുവച്ചത്.
അശ്‌ളീല രാഷ്ട്രീയത്തിന്റെ ചരമഗീതി
———————————
സലിം കുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത്
സംസ്കാരം തൊട്ടു തീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച, വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ് . സലിം കുമാർ ഒരു കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാൻ ഉത്സാഹിക്കുന്നത്.
സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാർട്ടി നേതാക്കളുടെ മോന്തായമോ പാർട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബർ പോരാളികൾ (കോമാളികൾ ആണ് ശരിയായ പദം )എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ്
ഈ മരണോത്സവ നർത്തകർ.
‘മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം” (ചിരിക്കരുത് )വരുമെന്ന് പറഞ്ഞ മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും അർഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിനെ
എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത് ?
ഇതല്ല നമ്മുടെ സംസ്കാരം, ഒരു മൃതശരീരത്തോട് – തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത- ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത .
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഈ അശ്ളീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തിൽ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത്.(മരണോത്സവ നർത്തകരുടെ ചില
fb /insta പോസ്റ്റുകൾ സാമ്പിൾ ആയി ചേർത്തിട്ടുണ്ട് ; അടിമകൾ ആഹ്ലാദിക്കട്ടെ

















































