കോഴിക്കോട്: മുള്ളൻപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. തൂണേരി ബാലവാടി സ്റ്റോപ്പിന് സമീപം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം രജിലേഷും ഭാര്യ സൗമ്യയും രണ്ടു മക്കളും ഓട്ടോയിൽ മടങ്ങിവരുമ്പോഴാണ് അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന മുള്ളൻപന്നിയുടെ ദേഹത്ത് ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് രജിലേഷ് പുറത്തേക്ക് വീണത്. ഉടൻ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലിന് പരിക്കേറ്റ ഭാര്യ സൗമ്യ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


















































