തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ച് സണ്ണി ജോസഫ്. ഇക്കാര്യം പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേർന്ന വിശാലയോഗത്തിലാണ് തീരുമാനം ഭാരവാഹികളെയും എംഎൽഎമാരെയും അറിയിച്ചത്.
മന്ത്രിസ്ഥാനമേറ്റ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് മാറാൻ സന്നദ്ധത അറിയിച്ചതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം, എംഎൽഎമാരായ അഞ്ച് ഡിസിസി പ്രസിഡന്റുമാരും സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അഞ്ച് ഡിസിസി പ്രസിഡന്റുമാർ നിലവിൽ എംഎൽഎമാരാണ്. ഇവരും രാജിസന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. എഐസിസിയുടെ സംഘടനാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പുനഃസംഘടനയുടെ ഭാഗമായാണ് നടപടികളെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
പാർട്ടി സംഘടനാ സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുന്നതിനും എഐസിസി നിർദേശങ്ങൾ നടപ്പാക്കുന്നതിനുമായാണ് നേതൃത്വതലത്തിൽ മാറ്റങ്ങൾ പരിഗണിക്കുന്നതെന്നാണ് സൂചന.



















































