മാസങ്ങൾ നീണ്ട സജ്ന- ഫിറോസ് ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ റസൂൽ പൂക്കൂട്ടിയുമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കി മുൻ ബിഗ് ബോസ് താരം സജ്ന നൂർ. റസൂൽ പൂക്കൂട്ടിയുമായുള്ള ബന്ധത്തിൽ താൻ ഗർഭിണിയാണെന്ന് കാണിച്ചുള്ള സൂചനയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മൂന്നുമാസം ഗർഭിണിയാണ് സജ്ന ഇപ്പോൾ. റസൂൽ പൂക്കൂട്ടിയെ കെട്ടിപ്പിടിച്ചുള്ള ചിത്രവും അവർ ആ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാഷാ അള്ളാ എന്ന ക്യാപ്ഷനോടെയാണ് സജ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. എന്നാൽ ഈ പോസ്റ്റ് പിന്നീട് പിൻവലിക്കുകയും ചെയ്തു. സജ്‌നയും റസൂൽ പൂക്കുട്ടിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
അതേസമയം ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റസൂൽ പൂക്കുട്ടി സജ്നയുമായുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ആഴ്ചകൾക്ക് മുൻപ് സജ്ന നൂറുമായുള്ള ദാമ്പത്യം തകരാനുള്ള കാരണത്തെക്കുറിച്ചുള്ള സൂചന നൽകി മുൻ ഭർത്താവ് ഫിറോസ് ഖാൻ രംഗത്തെത്തിയിരുന്നു. മൂന്നാമതൊരാളുടെ ഇടപെടലാണ് ഇരുവരും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണമെന്നാണ് അന്ന് ഫിറോസ് പറഞ്ഞത്. വലിയ അവാർഡ് മേടിച്ചു നിൽക്കുന്ന ഒരാളാണ് ഈ വ്യക്തിയെന്ന സൂചന നൽകിയെങ്കിലും പേര് ഫിറോസ് വെളിപ്പെടുത്തുന്നില്ല.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ് സജ്‌നയും മുൻ ഭർത്താവ് ഫിറോസ് ഖാനും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയരായത്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇവരുടെ വേർപിരിയൽ അന്ന് വലിയ വാർത്തയായിരുന്നു. ഫിറോസുമായുള്ള ബന്ധത്തിൽ സജ്‌നയ്ക്ക് ഒരു കുട്ടിയുണ്ട്. എന്നാൽ ഫിറോസുമായുള്ള വിവാഹ ബന്ധം പിരിയാൻ കാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നും മൂന്നാമതൊരാൾ തങ്ങൾക്കിടയിൽ വന്നിട്ടില്ലെന്നുമായിരുന്നു അന്ന് സജ്ന പറഞ്ഞത്.


















































