ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന ഒന്നര വയസുകാരന് തെരുവുനായയുടെ കടിയേറ്റു. ഉണ്ടിയിൽപടി രോഹിണി- ഷനൂജ് ദമ്പതികളുടെ മകനായ ഇഷാനാണ് കടിയേറ്റത്. അമ്മയുടെ കൈ പിടിച്ച് ഫൂട്പാത്തിലൂടെ നടക്കുമ്പോഴാണ് കുട്ടിയെ നായ ആക്രമിച്ചത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇടുപ്പിന് താഴെ കടിയേറ്റ കുട്ടിയേയും കൊണ്ട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
വാണിയംകുളത്തെ ആയുർവേദ കടയിൽ മരുന്നുവാങ്ങാൻ പോയതാണ് അമ്മയും കുട്ടിയും. അപ്പോഴാണ് സമീപത്ത് കിടന്നിരുന്ന നായ പിറകിലൂടെ വന്ന് അപ്രതീക്ഷിതമായി ആക്രമിച്ചത്.

















































