കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് സ്ഥാപിച്ച ബോർഡുകളുടെ പേരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് പിഴനോട്ടീസ്. കോൺഗ്രസ് ഭരിക്കുന്ന മരട് നഗരസഭയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയെടുത്തത്.
മുഖ്യമന്ത്രിയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ മരട് നഗരസഭ, മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് 11,500 രൂപ പിഴ ഈടാക്കുമെന്ന് അറിയിച്ചാണ് നോട്ടീസ് നൽകിയത്. നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി ജീവനക്കാരെ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
ബോർഡുകൾ നീക്കം ചെയ്തതിന് പിന്നാലെയാണ് പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് നഗരസഭ സെക്രട്ടറി നോട്ടീസ് കൈമാറിയത്. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ കോൺഗ്രസിന്റെ തന്നെ ബോർഡുകൾ നീക്കം ചെയ്ത നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ മുൻ നഗരസഭാ ചെയർമാൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയാണിതെന്ന് ആരോപിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.
എന്നാൽ പരാതിക്ക് പിന്നാലെ തന്നെ ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പിഴ ചുമത്തി വീണ്ടും നോട്ടീസ് നൽകിയതോടെ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്. നഗരസഭയുടെ നടപടി കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിനുള്ളിൽ തന്നെ അസ്വാരസ്യത്തിന് വഴിവെച്ചതായാണ് സൂചന.


















































