മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ കൈവിട്ട് താഴേക്കു പതിച്ച 15 കാരൻ വീടിന്റെ ഗേറ്റിനുമുകളിലേക്ക്, ഗേറ്റിന്റെ കമ്പി വായിൽ തുളച്ചുകയറി വിദ്യാർഥിക്ക് പരുക്ക്. സിയാംകണ്ടം പാലശ്ശേരി പറമ്പിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിനാണ് പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെ വീടിന്റെ ടെറസ്സിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ മാസിൻ താഴേക്കു വീഴുകയായിരുന്നു.
വീഴ്ചയിൽ ഗേറ്റിന്റെ കമ്പികൾ വായിൽ തുളച്ചുകയറി. വിവരം അറിഞ്ഞെത്തിയ അയൽവാസികളും മറ്റുള്ളവരും ചേർന്ന് ഗേറ്റിന്റെ കമ്പികൾ അറുത്തുമാറ്റി വായയിൽ തുളഞ്ഞുകയറിയ കമ്പിയുൾപ്പെടെ ഗേറ്റിന്റെ ഭാഗവുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി വായിൽതുളഞ്ഞുകയറിയ ഭാഗമൊഴികെയുള്ള ഗേറ്റിന്റെ കമ്പികൾ വായിൽ നിന്ന് മുറിച്ചുമാറ്റി. വെള്ളിമാടുകുന്ന് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിൽനിന്ന് സീനിയർ ഫയർ ഓഫീസർ എൻ. ബിനീഷിന്റെ നേതൃത്വത്തിൽ അനീഷ്‌കുമാർ, അഷ്റഫ്, സി.പി. നിഷാന്ത്, എം.വി. അരുൺ, ഇ.എ. അരുൺ എന്നിവർ ചേർന്നാണ് കമ്പികൾ മുറിച്ചുമാറ്റിയത്. അതേസമയം വായയിൽ തറച്ചുകിടക്കുന്ന കമ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.


















































