ടെക്സസ്: കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ നേരിടന്ന മാനസിക സമ്മർദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ലോകത്തെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളിൽ ഒരാളും ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമർ എഡ്ഡി ഗ്വരേരോയുടെ മകൾ ഷെറിലിൻ ഗ്വരേരോ. രണ്ടാനച്ഛനിൽ നിന്ന് താൻ ലൈംഗികാതിക്രമത്തിന് ഇരയായതായി അവർ വെളിപ്പെടുത്തി. “ദ് സ്മൂത്ത് വേഗ ” എന്ന പോഡ്കാസ്റ്റിലാണ് 2020ൽ താൻ തന്റെ സ്റ്റെപ്പ്‌ഫാദറിൽ നിന്ന് പീഡനത്തിനിരയായതായി വെളിപ്പെടുത്തിയത്.
“ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണ്. അത് എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടമായിരുന്നു. എനിക്ക് ഇനി ജീവിക്കേണ്ടതില്ലെന്ന തോന്നൽ വരുന്നതുവരെ കാര്യങ്ങൾ എത്തിയിരുന്നു. അന്ന് എന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നൊരു ശൂന്യത ഞാൻ അനുഭവിച്ചു,” എന്നാണ് പോഡ്കാസ്റ്റിൽ ഷെറിലിൻ പറഞ്ഞത്.
പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം സാധാരണപോലെ തോന്നിയിരുന്നെങ്കിലും, ഉള്ളിൽ വലിയ മാനസിക പീഡനമാണ് താൻ അനുഭവിച്ചിരുന്നത്. പ്രശസ്ത കുടുംബത്തിൽ വളർന്നതിനാൽ തന്റെ വ്യക്തിപരമായ വേദനകൾ തുറന്ന് പറയാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. അതേസമയം, കഠിനമായ ദുഖത്തിലൂടെ കടന്നു പോയപ്പോൾ തന്റെ അച്ഛൻ എഡ്ഡി ഗ്വരേരോയുടെ ജീവിത പോരാട്ടങ്ങളാണ് തനിക്ക് കരുത്തായത് എന്നും ഷെറിലിൻ പറഞ്ഞു. ഡബ്ല്യുഡബ്ല്യുഇ യിൽ നിന്ന് പുറത്താക്കപ്പെട്ടതും, റീഹാബിൽ പ്രവേശിക്കേണ്ടിവന്നതും ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ മറികടന്ന് വീണ്ടും ഉയർന്നെത്തിയ അദ്ദേഹത്തിന്റെ ജീവിതകഥ തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്ന് അവർ ഓർമ്മിപ്പിച്ചു. “അച്ഛൻ ഒരിക്കലും കീഴടങ്ങിയില്ല. അതാണ് എന്നെയും മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത്,” അവർ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം, ആ ദുരിതകാലത്ത് താൻ ആത്മഹത്യാ ചിന്തകളോട് പൊരുതേണ്ടി വന്നതായും ഷെറിലിൻ വെളിപ്പെടുത്തി. “അത് വളരെ സ്വകാര്യമായും അതേ സമയം വളരെ ഇരുണ്ടതുമായ ഒരു ഘട്ടമായിരുന്നു. ഞാൻ അതിനെക്കുറിച്ച് മിണ്ടാതെ സഹിക്കേണ്ടി വന്നു. പക്ഷേ എന്നെ തകർക്കാൻ അനുവദിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു,” അവർ പറഞ്ഞു. അതുപോലെ തന്റെ ആ കാലഘട്ടം അതിജീവിക്കാൻ ദൈവവിശ്വാസം നിർണായക പങ്കുവഹിച്ചതായും ഷെറിലിൻ വ്യക്തമാക്കി. “എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാത്തിനും പിന്നിൽ ഒരു ലക്ഷ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം എന്നെ ഇവിടെവരെ കൊണ്ടുവന്ന ശേഷം എന്നെ ഉപേക്ഷിക്കില്ല,” അവർ പറഞ്ഞു.
അതേസമയം 2020ൽ കോവിഡ് ലോക്ഡൗണിന് തൊട്ടുമുൻപ് കുടുംബത്തോടൊപ്പം നടത്തിയ ഒരു ക്രൂയിസ് യാത്രയ്ക്കിടെ തന്റെ രണ്ടാനച്ഛനായ (അമ്മ വിക്കി ഗ്വരേരൊയുടെ രണ്ടാം ഭർത്താവ്) ക്രിസ് ബെൻസൻ തന്നെ ലൈംഗികമായി അതിക്രമിച്ചു എന്ന് ഷെറിലിൻ വെളിപ്പെടുത്തിയിരുന്നു. 2023 ഏപ്രിലിൽ തന്റെ ടിക്ടോക് അക്കൗണ്ടിലൂടെയാണ് ഷെറിലിൻ ഇക്കാര്യം ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞത്. അന്ന് വിക്കി ഗ്വരേരോയും ബെൻസനും ഈ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, സത്യം ഒടുവിൽ പുറത്തുവരുമെന്ന് ഷെറിലിൻ പറഞ്ഞിരുന്നു.
ഡബ്ല്യുഡബ്ല്യുഇ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ ഒരാളായിരുന്നു എഡ്ഡി ഗ്വരേരോ. ഒന്നിലധികം തവണ ചാംപ്യനായിട്ടുള്ള എഡ്ഡി, മികച്ച റിങ് പെർഫോമൻസിലൂടെയും തനതായ മാനറിസങ്ങളിലൂടെയും ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെ നേടി. 2005 നവംബറിൽ, കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് താരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുന്നത്. പിതാവ് മരിക്കുമ്പോൾ ഷെറിലിന് വെറും 10 വയസ് മാത്രമായിരുന്നു പ്രായം. എഡ്ഡി ഗ്വരേരൊയുടെ ഭാര്യ വിക്കി ഗ്വരേരൊ 2015ലാണ് ക്രിസ് ബെൻസനെ വിവാഹം ചെയ്യുന്നത്. ബെൻസനെതിരെ ഷെറിലിൻ നടത്തി ലൈംഗികാരോപണത്തിനു പിന്നാലെ വിക്കിയും ക്രിസ് ബെൻസനും ചേർന്ന് ഷെറിലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തെങ്കിലും 2024 ഓഗസ്റ്റിൽ കോടതി ഇതിലെ പല പ്രധാന ഭാഗങ്ങളും തള്ളിക്കളയുകയാണുണ്ടായത്.
View this post on Instagram















































