റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഒടുവിൽ നാട്ടിലേക്ക്. മോചന ഉത്തരവിൽ ഒപ്പുവെച്ചു. വൈകാതെ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ഇന്നുതന്നെ നാട്ടിലേക്ക് കൊണ്ടുവരാനാണ് നിയമസഹായ സമിതി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതും വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചതും. മോചനദ്രവ്യം നൽകിയതിന്റെ പശ്ചാത്തലത്തിൽ നേരത്തെ കോടതി വധശിക്ഷ ഒഴിവാക്കി നൽകിയിരുന്നു.
20 വർഷം മുൻപ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകട കാരണമെന്ന് വ്യക്തമായെങ്കിലും സൗദി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നൽകിയതോടെയാണ് വധശിക്ഷയിൽനിന്ന് മോചിതനായത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിച്ചു. ഈ തടവ് കാലാവധി പൂർത്തിയായതോടെയാണ് റഹീം ജയിൽ മോചിതനായി നാട്ടിലെത്തുന്നത്.


















































