അബുദാബി: യുഎസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം. വ്യാഴാഴ്ച രാത്രി ഇറാനിൽനിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇറാന്റെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടഞ്ഞുവരികയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ, ഹോർമുസ് കടലിടുക്കിൽ വ്യാഴാഴ്ച ഇറാൻ-യുഎസ് സേനകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ക്യുഷ്ം തുറമുഖത്തിനും ബന്ദർ അബ്ബാസിനും നേരെയാണ് അമേരിക്കൻ വ്യോമസേന മിന്നലാക്രമണം നടത്തിയത്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുന്ന ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ തകർത്തതെന്നും ഇത് ഇറാന്റെ ആക്രമണങ്ങൾക്കുള്ള മറുപടിയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഏപ്രിൽ ഏഴിന് നിലവിൽവന്ന വെടിനിർത്തൽ കരാറിന് ശേഷമുണ്ടായ ആദ്യ ഏറ്റുമുട്ടലാണിത്.



















































