മുംബൈ: മുംബൈയിലെ പൈധോനിയിൽ ബിരിയാണിയും തണ്ണിമത്തനും കഴിച്ച പിന്നാലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് നാല് പേർക്കും അസ്വസ്ഥതയുണ്ടായതെന്നാണ് വിവരം. ഭക്ഷണത്തിൽ നിന്നും വിഷബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
അബ്ദുള്ള ദൊക്കാർഡിയ (40), ഭാര്യ നസ്രീൻ ദൊക്കാർഡിയ (35), മക്കളായ അയിഷ (16), സെയിനബ് (13) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുൾപ്പെടെ ഒമ്പത് പേർ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു.
ബിരിയാണിയായിരുന്നു കഴിച്ചത്. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേർ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം കുടുംബം ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി.














































