മുംബൈ: ജീവനക്കാർക്ക് സന്തോഷകരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളെ അംഗീകരിക്കുന്നതിനായി പ്രത്യേക അവാർഡ് ദാന പദ്ധതിയുമായി ‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ എന്ന സംഘടന. ഇന്ത്യയിൽ ഇത് ആദ്യമായാണ് മികച്ച തൊഴിൽ സ്ഥാപനങ്ങളെ ആദരിക്കുന്ന ഇത്തരമൊരു പ്രത്യേക പുരസ്‌കാരം. ജൂലൈ അവസാനം മുംബൈയിൽ സംഘടിപ്പിക്കപ്പെടുന്ന ചടങ്ങിൽ ആദ്യ പുരസ്‌കാര വിതരണം നടക്കും.
ബിസിനസ് വളർച്ചയും സ്ഥാപനങ്ങളുടെ പ്രകടനവും നിർണ്ണയിക്കുന്ന ഘടകങ്ങളാണ് തൊഴിലിട സംസ്കാരവും ജീവനക്കാരുടെ അനുഭവവും. ഇത് അടിസ്ഥാനമാക്കിയാണ് ഇങ്ങനെയൊരു പുരസ്‌കാരങ്ങൾ ഒരുക്കുന്നതിലേയ്ക്ക് ‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ എത്തിച്ചേർന്നത്. സ്ഥിരതയുള്ളതും അർത്ഥവത്തുമായ തൊഴിൽപരിസ്ഥിതി സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ മുന്നിലെത്തിക്കുകയാണ് ഈ പുരസ്കാര വിതരണത്തിന്റെ ലക്ഷ്യം.
ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കയാണ് പുരസ്‌കാര സമിതി അധ്യക്ഷൻ. വ്യവസായ-മാനവവിഭവ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടുന്ന ജൂറി പാനലാകുംഎൻട്രികൾ വിലയിരുത്തുക. അച്ചൽ ഖന്ന, ഹരിത് നാഗ്പാൽ, പവിത്ര സിംഗ്, ഡോ. അതുൽ ഹെഗ്ഡെ, ഡോ. പ്രജ്ജൽ സാഹ, നിതു ഭൂഷൺ, പുഷ്പ് കുമാർ നായർ, സുനിത ചെരിയൻ തുടങ്ങിയവരാണ് ജൂറി അംഗങ്ങൾ.
“തൊഴിലിടങ്ങളിലെ സന്തോഷം എത്രത്തോളമുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും സ്ഥാപനങ്ങളുടെ വളർച്ചയും പ്രവർത്തനക്ഷമതയും. ഇതുപോലുള്ള പുരസ്കാര വേദികൾ അത്തരമൊരു ചർച്ചയ്ക്കും കാരണമാകുന്നു,” ഹർഷ് ഗോയങ്ക അഭിപ്രായപ്പെട്ടു.
“ദൈനംദിന ജീവനക്കാരുടെ അനുഭവത്തെ പല സ്ഥാപനങ്ങളും അവഗണിക്കാറുണ്ട്. ജോലിസ്ഥലത്ത് ആളുകൾക്ക് എന്താണ് അനുഭവമെന്നത് യഥാർത്ഥത്തിൽ പ്രാധാന്യമുള്ളതാണെന്ന് തിരിച്ചറിവുള്ള സ്ഥാപനങ്ങളെയാണ് ഈ പുരസ്‌കാരങ്ങൾ നല്കി ആദരിക്കുന്നത്. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും സ്ഥാപനങ്ങൾക്കും പുരസ്കാരത്തിന് അപേക്ഷിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.”; ’ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ സ്ഥാപകൻ രാജ് നായക് പറഞ്ഞു.
“എൻട്രികൾ ഇപ്പോൾ തുറന്നിരിക്കുകയാണ്. സംഘടനകൾക്ക് ജീവനക്കാരുടെ യഥാർത്ഥ അനുഭവം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിലാണ് അവാർഡിനായുള്ള അപേക്ഷാ പ്രക്രിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്“; അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ, രാജ്യത്തെ ആദ്യ തൊഴിലിട സന്തോഷ പുരസ്‌കാരമെന്ന പ്രത്യേകതയ്ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളിലെ സി.ഇ.ഒമാരും മാനവവിഭവ മേധാവികളും ഉൾപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങൾ നൽകുന്നതോടൊപ്പം, നയങ്ങളിലുപരി യഥാർത്ഥ തൊഴിൽസംസ്കാരത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വേദിയൊരുക്കുന്നതാണ് ഈ സംരംഭം.
‘ഹാപ്പിയസ്റ്റ് പ്ലേസസ് ടു വർക്ക്’ സംഘടന തൊഴിലിടങ്ങളിലെ ജീവനക്കാരുടെ അനുഭവം മനസ്സിലാക്കി മെച്ചപ്പെടുത്തുന്നതിനാണ് പ്രവർത്തിക്കുന്നത്. പ്രായോഗികവും അർത്ഥവത്തുമായ രീതിയിൽ സ്ഥാപനങ്ങളെ സഹായിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.











































