കായംകുളം: മുസ്‌ലിം ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ വികാരാധീനയായി എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. മുസ്‌ലിം ലീഗ് നേതാവ് ഇർഷാദാണ് വിവാദ പരാമർശം നടത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കവെ, ഒരു സ്ത്രീയോട് പോലും ഇത്തരത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞാണ് പ്രതിഭ വൈകാരികമായി പ്രതികരിച്ചത്. എംഎല്‍എ ആയിരുന്ന കാലത്ത് ഒരു നിലക്കുള്ള പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കില്‍ പോലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു. പ്രതിഭയെന്നായിരുന്നു പരാമര്‍ശം .
സംഭവത്തിൽ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകാനുമാണ് തന്റെ തീരുമാനമെന്നും യു. പ്രതിഭ വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞ സ്ഥാനാർഥിക്ക് പിന്തുണയുമായി എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഈ വിഷയം രാഷ്ട്രീയമായി കൂടുതൽ ചർച്ചയാക്കാനാണ് എൽഡിഎഫിന്റെ നീക്കം. അതേസമയം, പരാമർശം വിവാദമായതോടെ യുഡിഎഫ് സ്ഥാനാർഥി എം. ലിജു സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. ലീഗ് നേതാവിന്റെ പ്രസ്താവനയെ പൂർണമായും തള്ളിക്കളഞ്ഞ ലിജു, സ്ത്രീവിരുദ്ധമായ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ലീഗ് നേതാവ് ഇർഷാദും പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും, തന്റെ വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്ന ന്യായീകരണമാണ് അദ്ദേഹം ഉയർത്തുന്നത്.
















































