ദില്ലി: പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡ്. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക.
പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്. ഇതിന് പിന്നാലെ സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എകെ ആന്റണി പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയിൽ ചർച്ചയ്ക്കായി സുധാകരൻ ദില്ലിയിലെത്തിയത്.
മണിക്കൂറുകൾ നീണ്ട മാരത്തണ്‍ ചർച്ചയിലും എംപി മാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സുധാകരനും അടൂർ പ്രകാശും കടുത്ത അതൃപ്തിയിലായി. തുടക്കം മുതൽ തന്നെ സംസ്ഥാന നേതാക്കൾ സ്ഥാനാർത്ഥിത്വത്തെ എതിർക്കുകയായിരുന്നു. വിഡി സതീശൻ കടുംപിടിത്തം പിടിച്ചതോടെ സുധാകരൻ്റെ സമ്മർദ്ദ തന്ത്രങ്ങളെല്ലാം പാളുകയായിരുന്നു. സതീശനൊപ്പം മല്ലികാർജുൻ ഖർഗെ അടിയുറച്ച് നിന്നതോടെ നേതാക്കളെല്ലാവരും ദില്ലിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു.
ഇതോടെ സുധാകരൻ നേതാക്കളെ വിളിച്ച് ഗുഡ് ബൈ പറഞ്ഞു. വിളിച്ച നേതാക്കളെല്ലാം അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും സുധാകരൻ വഴങ്ങിയില്ല. ഇതിനിടെ പുതിയ പാർട്ടി രൂപീകരിച്ച് സുധാകരൻ മുന്നോട്ട് പോവാൻ ശ്രമിച്ചതും 15 ഇടങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനും ആലോചിച്ചതും കോൺഗ്രസിനെ വെട്ടിലാക്കി. കണ്ണൂർ ഡിസിസിക്ക് മുന്നിൽ സുധാകരൻ അനുകൂലികൾ തമ്പടിച്ച് മുദ്രാവാക്യം വിളിച്ചതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് എകെ ആൻ്റണിയുടെ ഇടപെടൽ ഉണ്ടായത്.














































