തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 14,460 രൂപയിലെത്തി. പവന് 240 രീപ കുറഞ്ഞ് 1,15,860 രൂപയിലെത്തി. യുഎസ് ഫെഡറല്‍ റിസർവിന്‍റെ പണനയ യോഗത്തിലെ തീരുമാനം ഇന്ന് പുറത്തുവരും. അതിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാണ് വില ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 11,940 രൂപയാണ്. ചില ജ്വല്ലറികളിൽ ഗ്രാമിന് 11,880 രൂപയ്ക്കും 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ട്. 265 രൂപയാണ് വെള്ളി വില.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും സഹിതം 1.31 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. കേരളത്തില്‍ വിവാഹ സീസൺ ആരംഭിച്ചിരിക്കെ വില കുറഞ്ഞത് കല്യാണ പാർട്ടികൾക്ക് ആശ്വാസമാണ്.
യുഎസ് – ഇസ്രയേൽ സഖ്യം ഇറാനിൽ ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില വർധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. യുദ്ധസാഹചര്യത്തില്‍ ഇത് സാധാരണവുമാണ്. എന്നാൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ ട്രെൻഡ് മാറി. സ്വര്‍ണം വലിയ ചാഞ്ചാട്ടത്തിലായി. കുറച്ചു ദിവസമായി രാജ്യാന്തര വിപണിയിലെ സ്വർണവില ഔൺസിന് 5,000 ഡോളറിന് ചുറ്റും കിടന്നു കയറുകയാണ്. ഇന്ന് പുറത്തു വരാനിരിക്കുന്ന യുഎസ് ഫെഡ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും ഇനി സ്വർണത്തിന്‍റെ മുന്നോട്ടുള്ള പോക്ക്.
നിലവിലെ സാഹചര്യത്തിൽ യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ലെന്നാണ് വിലയിരുത്തൽ. ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തില്‍ യുഎസിൽ അടക്കം പണപ്പെരുപ്പ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ വർഷത്തിന്‍റെ അവസാനത്തോടെ നിരക്ക് മാറ്റത്തിന് സാധ്യതയുണ്ടെന്നും വിപണി കണക്കുകൂട്ടുന്നു.

















































