തൃഷ- വിജയ്‌യുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് ഓരോ ദിവസവും ഉയർന്നുവരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിന്റെ സ്ഥാനത്തുനിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. സുന്ദീപ് കിഷനെ നായകനാക്കി സിഗ്മ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് ജേസൺ സഞ്ജയ് ഇപ്പോൾ. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പേരിൽ വരുത്തിയിരിക്കുന്ന മാറ്റം ചർച്ചയാകുന്നത്.
ജേസൺ സഞ്ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ് എസ് എന്നായിരിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതായത് അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം മാറ്റി അമ്മ സംഗീതയെ സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരം പേരിനൊപ്പം ചേർക്കുകയാണ് ജേസൺ ചെയ്തതെന്നാണ് വിലയിരുത്തൽ. അതുപോലെ അദ്ദേഹം തന്റെ ഒപ്പിലും ഔദ്യോഗിക രേഖകളിലും ‘ജേസൺ സഞ്ജയ് എസ്’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് പറയുന്നവരുമുണ്ട്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയ്‌യുടെ മുഴുവൻ പേര്. അങ്ങനെ നോക്കിയാൽ വിജയ് എന്നത് മിഡിൽ നെയിമാണ്. ആരെങ്കിലും മക്കളുടെ പേരിനൊപ്പം മിഡിൽ നെയിം ചേർക്കുമോ എന്നാണ് വിജയ്‌യെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്. അതേസമയം വിജയ്ക്കും സംഗീതയ്ക്കും രണ്ട് കുട്ടികളാണുള്ളത്. ജേസൺ സഞ്ജയ്‌യും ദിവ്യ സാഷയും. വിജയ് നായകനായ വേട്ടൈക്കാരൻ എന്ന ചിത്രത്തിൽ ജേസൺ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മകൾ ദിവ്യ ‘തെരി’യിലും അഭിനയിച്ചിരുന്നു. നേരത്തേ വിജയ്‌യെ ജേസൺ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും വാർത്തയായിരുന്നു.

















































