ഹൈദരാബാദ്: നടി രശ്മിക മന്ദാനയുടെയും നടന്‍ വിജയ് ദേവരകൊണ്ടയുടെയും വിവാഹത്തിനു പിന്നാലെ വൈറലായി നടിയുടെ അമ്മയുടെ ഓഡിയോ ക്ലിപ്പ്. നേരത്തെ നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള രശ്മിക മന്ദാനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. രശ്മികയുടെ ആദ്യ സിനിമയിലെ നായകനായിരുന്നു രക്ഷിത്. വിവാഹ നിശ്ചയത്തിന് ശേഷം, വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഇരുവരും നാളിതുവരെ പരസ്യമാക്കിയിട്ടില്ല. ഇതിനിടെയാണ് രശ്മികയുടെ അമ്മയുടേതെന്ന പേരിലൊരു ഓഡിയോ സന്ദേശം വൈറലായി മാറിയത്.
ഓഡിയോയില്‍ രക്ഷിതുമായുള്ള ബന്ധം എന്തുകൊണ്ടാണ് രശ്മിക വേണ്ടെന്ന് വച്ചതെന്ന് അമ്മ പറയുന്നുണ്ട്. രശ്മിക അഭിനയം നിര്‍ത്തണമെന്ന് രക്ഷിതും കുടുംബവും പറഞ്ഞുവെന്നാണ് അമ്മയുടെ ആരോപണം. ഇതേ ചൊല്ലി ഇരുവരും നിരന്തരം തര്‍ക്കങ്ങളുണ്ടായി. സോഷ്യല്‍ മീഡിയയിലെ താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് പറയാന്‍ രശ്മികയെ രക്ഷിതന്റെ കുടുംബം നിര്‍ബന്ധിച്ചതായും അമ്മ പറയുന്നു. ”അവര്‍ ആദ്യം രശ്മികയെ കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുന്നതിന് പകരം രക്ഷിത് എന്നോട് കയര്‍ത്തു സംസാരിച്ചു.
അവരുടെ കുടുംബം അവളെ, താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് ട്വീറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. മകളുടെ തെറ്റിന് എന്നോട് മാപ്പ് പറയാന്‍ പോലും ആവശ്യപ്പെട്ടു” എന്നാണ് രശ്മികയുടെ അമ്മ സുമന്റേതെന്ന് പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നത്. ”രശ്മിക നടിയാണ്. അവളുടെ പ്രൊഫഷണല്‍ തീരുമാനങ്ങളെ ഞാന്‍ പിന്തുണയ്ക്കും. ഗീതാഗോവിന്ദത്തിലെ അവളുടെ ലിപ് ലോക്ക് രംഗം വലിയ പ്രശ്‌നമായി. രക്ഷിതുമായുള്ള ബന്ധത്തില്‍ അത് വിള്ളലുണ്ടാക്കി. അവര്‍ പിരിഞ്ഞത് നന്നായി. മാത്രമല്ല, 21 വയസ് മാത്രമുള്ളൊരു പെണ്‍കുട്ടിയെ 35 കാരന്‍ നടന്‍ കല്യാണം കഴിക്കുന്നതും ശരിയല്ല” എന്നും ഓഡിയോയില്‍ പറയുന്നുണ്ട്
















































