കൊച്ചി: ദേശീയപാതയുടെ ആദ്യ റീച്ചിന്റെയടക്കം വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.
പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കണ്ടേതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് റിയാസ് എന്ന് ചൂണ്ടികാട്ടിയപ്പോള്‍ ഏതൊക്കെ മന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ മറുപടി നൽകി.
മുഖ്യമന്ത്രി എന്തുകൊണ്ട് മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ വിയോജിപ്പ് അറിയിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. മരുമകനും വരണമെന്ന് നിര്‍ബന്ധമുണ്ടെങ്കിൽ ഏഴു ദിവസം മുന്‍പ് ഇക്കാര്യം അറിയിക്കാമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റു ക്ഷണിക്കപ്പെട്ട മന്ത്രിമാരും ചടങ്ങ് ബഹിഷ്കരിച്ചിരിക്കെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുന്‍പ് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണിത്. നാടിന് വേണ്ടിയാണ് എല്ലാ പദ്ധതികളും ഇന്ന് പ്രഖ്യാപിക്കാൻ പോകുന്നത്. എന്നാൽ, എങ്ങനെയെങ്കിലും വിവാദം മനപ്പൂര്‍വം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം.
ഏതൊക്കെ മന്ത്രിമാര്‍ വരണമെന്നത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. താൻ അല്ല പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടിക താൻ എങ്ങനെ കാണാനാണ്?. ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു

















































