ന്യൂഡൽഹി: വയനാട് തുരങ്ക പാത നിർമാണം എത്രയും വേഗം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നിർമ്മാണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കൂടാതെ കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തുരങ്ക നിർമാണ പദ്ധതിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
അതേസമയം ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിൻറെ സ്വിച്ച് ഓൺ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. അനുബന്ധ നിർമാണ പ്രവർത്തനങ്ങളായ താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂർത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. ബ്ലാസ്റ്റിങ്ങിൻറെ അപകട സാധ്യത മുൻനിർത്തിക്കൊണ്ട് വലിയ സുരക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, 8.73 കിലോമീറ്റർ നീളം വരുന്ന ഈ പദ്ധതിയുടെ നിർമാണം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. നാല് വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2134.5 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്.
ഏതു കാലാവസ്ഥയിലും സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്നാണ് പാതയുടെ സവിശേഷത. താമരശ്ശേരി ചുരത്തിന് ബദലായാണ് കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന നാലുവരി തുരങ്കപാത ഒരുങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നത്തോടെ ആനക്കാംപൊയിലിൽ നിന്നും 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും. കാർഷിക, ടൂറിസം മേഖലകളിൽ വലിയ പ്രാധാന്യമർഹിക്കുന്നതാണ് ഈ തുരങ്കപാതയുടെ നിർമാണം.













































