തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” ആഗോള തലത്തിൽ ട്രെൻഡായി മാറി. യൂട്യൂബ് ചാർട്ടിൽ ആഗോള തലത്തിൽ തരംഗമായി മാറിയ ഗാനം 9 രാജ്യങ്ങളിൽ ആണ് മ്യൂസിക് ചാർട്ടിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്നത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.
നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം പുറത്ത് വന്നത്. 24 മണിക്കൂറിനകം 15 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യയിലും യുഎഇയിലും മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനം നേടിയ ഗാനം , യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, കാനഡ, സൗദി അറേബ്യ, യുഎസ്എ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും മ്യൂസിക് ചാർട്ടുകളിൽ മുൻപന്തിയിലെത്തി. അസാധാരണമായാണ് ഒരു തെലുങ്ക് ഗാനത്തിന്, ഇത്തരത്തിലുള്ള ആഗോള സ്വീകരണം ലഭിക്കുന്നത് .
ഗാനത്തിലെ നാനിയുടെ ഗംഭീര സ്‌ക്രീൻ സാന്നിധ്യവും, അദ്ദേഹത്തിന്റെ ഐക്കണിക് ഹുക്ക് സ്റ്റെപ്പും, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിചക്കുന്നു. ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബ് ഷോർട്ട്സിലും ഈ ഗാനവും അദ്ദേഹത്തിൻ്റെ നൃത്തവും വൈറലായി മാറുകയാണ്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് “ആയാ ഷേർ” ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.













































