തിരുവനന്തപുരം: നിയമസഭയിലിന്ന് പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ ശബരിമല സ്വർണക്കൊള്ളക്കേസ് ഉയർത്തി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിൻ്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് വിഷയം ഉന്നയിച്ചത്.
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മന്ത്രി എം.ബി. രാജേഷ് ചോദ്യോത്തരവേളയിൽ ചോദിച്ചു. ബിജെപിക്ക് നാരങ്ങാവെള്ളം കലക്കി കൊടുക്കാൻ കാത്തിരിക്കുകയാണ് മുസ്ലിം ലീഗ്. ഇവിടെ ഇരിക്കുന്ന കോൺസുകാരിൽ എത്രപേർ നാളെ ഉണ്ടാകുമെന്ന് പറയാൻ കഴിയുമോ? തങ്ങളൊഴികെ സ്വർണം കട്ട എല്ലാവരേയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണോ യുഡിഎഫ് നിലപാടെന്നും മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.
മന്ത്രി വി.എൻ. വാസവൻ്റെ രാജി ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎൽഎന്മാർ സഭയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്തുന്നുണ്ട്; അവർക്ക് പിന്തുണ അറിയിച്ചു പ്രതിഷേധം സഭയ്ക്ക് അകത്തുണ്ടാകുമെന്നും ബാബു പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും കെ. ബാബു വ്യക്തമാക്കി.















































