ന്യൂഡൽഹി: അവയവദാന രംഗത്ത് ചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുഞ്ഞിൻ്റെ അവയവദാനത്തിന് സന്നദ്ധരായ ആലിൻ്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നതിനേക്കാൾ വലുതായി മറ്റൊരു വേദനയില്ല. തീരെ ചെറിയ കുഞ്ഞിനെ നഷ്ടമാകുന്ന വേദന അതിനേക്കാൾ ആഴമേറിയതാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽനിന്നുള്ള നിഷ്കളങ്കയായ ഒരു കുഞ്ഞുപെൺകുട്ടിയെ-ആലിൻ ഷെറിൻ എബ്രഹാമിനെ നമുക്ക് നഷ്ടമായി. അവളുടെ മാതാപിതാക്കളുടെ വേദന വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനില്ല. എന്നാലും ആ വേദനക്കിടയിലും ആലിൻ്റെ മാതാപിതാക്കളായ അരുൺ എബ്രഹാനും ഷെറിനും ഒരു തീരുമാനമെടുത്തു. അവർ ആലിൻ്റെ അവയവദാനത്തിന് തയ്യാറായി. ഒരൊറ്റ തീരുമാനത്തിലൂടെ വ്യക്തമാകുന്നുണ്ട്, അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വവും എത്ര വിശാലമാണെന്ന് മോദി പറഞ്ഞു. ആലിൻ ഇന്ന് നമുക്കൊപ്പമില്ല. എന്നാൽ അവളുടെ പേര് രാജ്യത്തെ പ്രായംകുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർധിച്ചുവരികയാണ്. വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുകയാണ്. ആലിനെപ്പോലെ അവയവദാനത്തിലൂടെ മറ്റൊരാൾക്ക് പുതുജീവൻ നൽകിയ നിരവധി പേരുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
പത്തനംതിട്ട നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിൻ്റെയും ഷെറിൻ ആൻ ജോണിൻ്റെയും മകളായിരുന്നു പത്തുമാസം പ്രായക്കാരിയായ ആലിൻ. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എം.സി. റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം അപകടത്തിൽപ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിൻ. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് തീരുമാനിച്ചു. നാലുകുട്ടികൾക്ക് പുതുജീവനേകിയാണ് ആ കുഞ്ഞുമാലാഖ യാത്രയായത്. സംസ്ഥാന സർക്കാരിൻ്റെ ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ൻ്റ് തോമസ് എസ്ഐ പള്ളിയിലായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. ആലിൻ്റെ വൃക്കകളും കരളും ഹൃദയവാൽവും നാലുകുട്ടികൾക്കാണ് പുതുജീവനേകുന്നത്. ഇതിൽ രണ്ടുപേർ അവയവങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.














































