കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല.
പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. സിപിഎമ്മിനും സർക്കാരിനുമെതിരെയായി വരുമ്പോൾ മാത്രമാണ് വാർത്ത. ബിജെപിക്കും കോൺഗ്രസിനുമെതിരെ വന്നാൽ വാർത്തയല്ല. തന്ത്രിയെ പിടിച്ചപ്പോൾ ബിജെപി സന്ദർശക ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇഡി വന്നപ്പോൾ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകിൽ രാഷ്ട്രീയമാണ്.
ശബരിമലയിലെ ഒരു തരിപോലും സ്വർണം നഷ്ടപ്പെടാൻ പാടില്ല. ആരെയും സംരക്ഷിക്കില്ല. എല്ലാവരേയും പിടിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. യുവതി പ്രവേശനത്തെ എതിർത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമർശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളൻമാരുടെ പട്ടികയിൽ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.














































