തൊടുപുഴ∙ ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ മൈക്കിനെച്ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം. പോലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും തിരുവനന്തപുരത്ത് എസ്എഫ്ഐക്കാർ പോലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളിൽ ഒരാൾ സംസാരിച്ചതോടെയാണ് തർക്കം ഉണ്ടായത്. പ്രസംഗിച്ചയാളോട് സമയം അവസാനിച്ചെന്നും സംസാരം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഇതിനിടെ മൈക്കിൽ പിടിച്ചു വലിക്കരുതെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പ്രസംഗിക്കുന്നയാൾ പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേപോകൂ എന്നും പ്രസംഗിക്കുന്ന ആൾ പറയുന്നുണ്ട്. തർക്കമുണ്ടായതോടെ നേതാക്കൾ ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കി. 17-ാം തിയതിയാണ് പീരുമേട്ടിൽവച്ച് സമ്മേളനം നടന്നത്. 2 മിനിട്ടാണ് ഒരാൾക്ക് സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നത്. സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് ഇടപെട്ടതെന്ന് നേതൃത്വം പറയുന്നു.













































