അമ്പലപ്പുഴ: മകനൊപ്പം യാത്രചെയ്യുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യനിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. 2025 ഒക്ടോബർ 13-നാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന്മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു.
തുടർന്നു വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎയും 400 ഗ്രാം കഞ്ചാവും രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. നേരത്തേ കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയായിരുന്നു സത്യമോൾ. റിമാൻഡിലായിരുന്ന സത്യമോൾ 20 ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇവരും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ 11-നാണ് അമ്പലപ്പുഴ പോലീസിൽ വിവരം ലഭിക്കുന്നത്. പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. പുലർച്ചെ മരിച്ചതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറ്റു സംശയങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്തു.















































