കൊച്ചി: ശബരിമലയിൽ നടന്ന വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം വ്യാപകമാക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).പുറത്തുവന്ന സ്വർണ്ണക്കൊള്ള കൂടാതെ, ആടിയ ശിഷ്ടം നെയ്യ് വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പടക്കമുള്ള ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടുവരുവാനാണ് ഇഡി നീക്കം. നെയ്യ് വില്പ്പന ഇടപാടിൽ ഏകദേശം 36 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. മുൻ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെ ഈ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ ഇഡി രംഗത്തിറങ്ങിയിരിക്കുന്നത്.
പണം അപഹരിക്കൽ, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ശബരിമലയിലെ വഴിപാടുകളിലും ചടങ്ങുകളിലും വലിയ രീതിയിലുള്ള പണാപഹരണവും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്ന് ഇഡി നിരീക്ഷിക്കുന്നു.
സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് പോറ്റിയുമായി മറ്റ് ഇടപാടുകൾ ഇല്ലെന്ന മൊഴിയാണ് ശ്രീകുമാർ നൽകിയിരിക്കുന്നത്. സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ ജാമ്യത്തിലിറങ്ങിയിരിക്കന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത ആഴ്ച ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തേക്കും.
ശബരിമലയിൽ വിവിധ തലങ്ങളിൽ കൊള്ള നടന്നിട്ടുണ്ടെന്നും എല്ലാ ക്രമക്കേടുകളിലും വിപുലമായ അന്വേഷണം നടത്തുമെന്നുമാണ് ഇഡിയുടെ നിലപാട്. അന്വേഷണം ഊർജിതമായി മുന്നോട്ട് പോകുമെന്നും ഭക്തർക്ക് ആശങ്ക വേണ്ടെന്നും കോടതി മുൻപ് ഉറപ്പ് നൽകിയിരുന്നു. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം.
തട്ടിപ്പുകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ കർശനമാക്കിയിട്ടുണ്ട്. 2018-ൽ നിലക്കലിലെ അന്നദാനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ. ജയപ്രകാശിന്റെ സ്വത്തുക്കൾ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു.















































