ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രിംകോടതിയിൽ. പശ്ചിമ ബംഗാളിൽ പ്രത്യേക ഇൻറൻസീവ് റിവിഷൻ (SIR) നടത്തുന്നതിന് പിന്നിലെ ഉദ്ദേശ്യം ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ വിമർശനം ഉയർത്തിയത്. സമാന നടപടികൾ അസമിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന ചോദ്യവും അവർ ഉന്നയിച്ചു.
അതേസമയം നാലര പതിറ്റാണ്ടിനുശേഷമാണ് അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത ബാനർജി സുപ്രീംകോടതിയിൽ നേരിട്ടെത്തിയത്. തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്നാണ് മമത കോടതിയിൽ പറഞ്ഞത്.
“ജനങ്ങൾ വീടുകളിൽ ഇല്ലാത്ത സമയത്താണ് എസ്ഐആർ നടപടികൾ നടത്തിയത്. ബിഎൽഒമാരുടെ ആത്മഹത്യകൾക്കു പിന്നാലെ കുറ്റം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മേൽ ചുമത്തി. ഇത് പീഡനത്തിന്റെ ഫലമാണ്. എന്തുകൊണ്ട് പശ്ചിമ ബംഗാൾ ലക്ഷ്യമിടുന്നു… അസം എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നു?” മമത ചോദിച്ചു. BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്സർവർമാരെ നിയോഗിച്ച് ബംഗാളിലെ ജനങ്ങളെ ‘ബുൾഡോസ്’ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അവർ ആരോപിച്ചു.
അതുപോലെ വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. വാദം പൂർത്തിയാക്കിയ ശേഷം കോടതിക്ക് മമത നന്ദി പറഞ്ഞു. അതേസമയം ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവമാണ് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എതിർവാദം. പച്ചക്കള്ളമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നതെന്ന് മമത തിരിച്ചടിച്ചു. ഹർജിയിൽ കമ്മീഷന് കോടതി നോട്ടീസയച്ചു. തിങ്കളാഴ്ച വിശദവാദം നടക്കും.















































