ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. 3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ റെയിൽവേ മന്ത്രി അവകാശപ്പെട്ടു. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോ മാൻ ശ്രീധരൻ മുന്നോട്ട് പോകുന്നുണ്ടെന്നു റെയിൽവേ മന്ത്രി പ്രതികരിച്ചു. ശ്രീധരൻറെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിൻറെ പിന്തുണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൻറെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു.
അതുപോലെ കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയ്യാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല. കേരളത്തിലെ പ്രധാന പദ്ധതികളായ മംഗലാപുരം – ഷൊർണ്ണൂർ നാലാം പാതയുടെ ഡിപിആർ നടപടികളും, 106 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണ്ണൂർ – എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേയും പുരോഗമിക്കുകയാണ്. ശബരിപ്പാതയ്ക്കുള്ള എല്ലാ നടപടികളും പൂർത്തിയായതായും മന്ത്രി അറിയിച്ചു. തിരുനാവായ-ഗുരുവായൂർ പുതിയ പാത പ്രഖ്യാപിച്ചെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പുതിയ കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു. എറണാകുളത്തെ ഡീസൽ ഷെഡുമായി ബന്ധപ്പെട്ട് ഉയരുന്ന തർക്കങ്ങൾ അനാവശ്യമാണെന്നും വെറുതെ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിനുകൾ കൂടി പ്രഖ്യാപിക്കുമെന്നും ഇതിൽ അഞ്ചെണ്ണം തെക്കേ പടിഞ്ഞാറൻ ഇന്ത്യയെ കേന്ദ്രീകരിച്ചായിരിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.















































