വാഷിങ്ടൻ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതുപോല സൈനിക നീക്കം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ പിടികൂടുമെന്ന അഭ്യൂഹങ്ങളെ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
അതേസമയം യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതിൽ ട്രംപ് കടുത്ത നിരാശ രേഖപ്പെടുത്തി. മഡൂറോയുടെ അറസ്റ്റിനു പിന്നാലെ, അടുത്തത് പുടിനായിരിക്കുമെന്ന യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുടെ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് തന്റെ വ്യക്തമാക്കിയത്. ‘‘ അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല. പുടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അത് തുടരുമെന്നാണ് ഞാൻ കരുതുന്നത്’’– ട്രംപ് പറഞ്ഞു.
എന്നാൽ റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിക്കാത്തതിൽ താൻ വളരെ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും റഷ്യ- യുക്രെയ്ൻ സംഘർഷം താരതമ്യേന എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒന്നായിരിക്കുമെന്നാണ് താൻ കരുതിയിരുന്നതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെട്ട് വ്ലാഡിമിർ പുടിൻ രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളെ ഇതു കൂടുതൽ സങ്കീർണമാക്കുന്നുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം കഴിഞ്ഞ ആഴ്ച കാരക്കസിൽ യുഎസ് സൈന്യം നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടി വിചാരണയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. മഡുറോയുടെ അറസ്റ്റിനു പിന്നാലെ പ്രതികരിച്ച സെലെൻസ്‌കി, ഒരു ഏകാധിപതിയോട് ഇങ്ങനെയാണ് പെരുമാറേണ്ടതെങ്കിൽ അടുത്തതായി എന്തുചെയ്യണമെന്ന് യുഎസിന് അറിയാം എന്നു പ്രതികരിച്ചിരുന്നു.


















































