ഡൽഹി: വിദ്യാർത്ഥിനിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ സുഹൃത്ത് പോലീസിന്റെ പിടിയിൽ. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ ബിഎ വിദ്യാർഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബികോം വിദ്യാർഥിയായ സുഹൃത്ത് ആർഷ്കൃത് സിങിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആർഷ്കൃത് യുവതിയെ കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതെന്നു പോലീസ് പറയുന്നു.
അതേസമയം സഞ്ജയ്വനിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കുട്ടിയെ വിളിച്ച് വരുത്തിയ ശേഷമാണ് ക്രൂരകൊലപാതകം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടി ക്ലാസിൽ പോകാനിറങ്ങുകയും ഉച്ചയ്ക്ക് അമ്മയെ വിളിച്ച് നേരത്തെ വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു. പക്ഷേ ഏറെ വൈകിയും തിരിച്ചെത്താതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. എന്നാൽ വൈകിട്ട് ആർഷ്കൃതിൻ്റെ പിതാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിക്കുകയും പെൺകുട്ടി തന്റെ മകനെ സഞ്ജയ് വനിൽ വച്ച് കുത്തിപരിക്കേൽപ്പിച്ചെന്നും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിളിച്ച് പറഞ്ഞു.
പെൺകുട്ടിയും യുവാവും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാവുന്ന പെൺകുട്ടിയുടെ കുടുംബം സഞ്ജയ് വനിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ അന്വേഷണം അരംഭിച്ചതോടെ റാണിബാഗിൽ നിന്ന് ആർഷ്കൃതിനെ അറസ്റ്റ് ചെയ്തു. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്വേർഡ് കൈവശപ്പെടുത്തി പരിശോധിക്കാറുണ്ടായിരുന്നുവെന്നും ലൈവ് ലൊക്കേഷൻ മനസിലാക്കി ഇയാൾ പിന്തുടർന്നിരുന്നുവെന്നും പെൺകുട്ടിയുടെ സഹോദരി പോലീസിനോട് പറഞ്ഞു.