കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹാരോപണം ഉന്നയിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ചാനൽ ലേഖകനും കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 25നാണ് ആന്റോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയത്.
പത്തനംതിട്ടയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ ആന്റോ അഗസ്റ്റിൻ നടത്തിയ പരാമർശങ്ങളാണ് കേസിനാധാരം. കർണാടകയിലെ ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖകളുമായി രണ്ടുപേർ തന്നെ സമീപിച്ചിരുന്നുവെന്നായിരുന്നു ആന്റോയുടെ വെളിപ്പെടുത്തൽ. രേഖകളുടെ ആധികാരികതയിൽ സംശയം തോന്നിയതിനാൽ വാർത്ത നൽകിയില്ലെന്നും രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെ.പി.സി.സി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വ്യാജരേഖ നിർമിക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ അറിഞ്ഞുകൊണ്ട് ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി; കണ്ടാലറിയാവുന്ന രണ്ടുപേരാണ് രണ്ടും മൂന്നും പ്രതികൾ.
ആന്റോ അഗസ്റ്റിന്റെ കൈവശമുള്ളതായി പറയുന്ന രേഖകൾ പിടിച്ചെടുക്കണമെന്നും റിപ്പോർട്ടർ ടിവി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് രേഖകൾ കൈമാറിയ രണ്ടുപേരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കേസിൽ ആന്റോ അഗസ്റ്റിൻ നേരത്തെ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട കേസിന് പുറമെ മറ്റൊരു കേസിലും ആന്റോ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായി റിപ്പോർട്ടുണ്ട്.




