തിരുവനന്തപുരം: എം.സി റോഡിൽ വട്ടപ്പാറ കണക്കോടിൽ കെ.എസ്.ആർ.ടി.സി ബസും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. തിരുവനന്തപുരത്ത് തമ്പാനൂരിൽനിന്ന് കിളിമാനൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരടക്കം 15പേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രാത്രി 11 മണിയോടെയായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ടാങ്കർ ലോറി നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടസമയത്ത് ബസിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികളും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് എം.സി റോഡിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.






