കൊച്ചി: റെയ്ഡിനിടെ പിടിച്ചെടുത്ത 6,500 ഡോളർ തിരികെ നൽകണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിൻ കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി.
ആന്റോയുടെ പക്കൽനിന്ന് 400 കെനിയൻ കറൻസിയും പിടിച്ചെടുത്തിരുന്നു. വിദേശയാത്രകൾക്കായി കരുതിയ പണമാണിതെന്നും കെനിയൻ കറൻസിയുടെ മൂല്യം 300 ഇന്ത്യൻ രൂപയേക്കാൾ കുറവാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, പിടിച്ചെടുത്ത വിദേശ കറൻസികളിൽ ചിലത് വ്യാജമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദായനികുതി വകുപ്പിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറിയിട്ടുണ്ടെന്നും അവരുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലും ആന്റോ നിയമനടപടി നേരിടുന്നുണ്ട്. ഈ കേസിൽ ആന്റോ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറയും.
നിലവിൽ ആന്റോയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നോട്ടീസ് നൽകുമെന്നും വ്യാഴാഴ്ച നടന്ന വാദത്തിനിടെ പൊലീസ് കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വക്താവ് രാജു പി. നായർ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലും ആന്റോ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഈ ഹർജി ശനിയാഴ്ച പരിഗണിക്കും.




