BREAKING NEWS

മോഷ്ടിച്ച മൊബൈൽഫോണിൽ നിന്നും വ്യാജ ഓർഡർ നല്കി!! കടയുടമയുടെ നിർദേശപ്രകാരം സാധനവുമായി പോയ ഓട്ടോക്കാരനെ പറ്റിച്ച് 14,700 രൂപ കൈക്കലാക്കി; വിളിക്കുമ്പോളോക്കെ ഫോൺ സ്വിച്ച് ഓഫ്; തുടരെ വിളിച്ചപ്പോൾ എടുത്തത് ഫോണിന്റെ യഥാർത്ഥ ഉടമ!

· · 1 min read
Share: Copied!

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച മൊബൈൽഫോൺ ഉപയോഗിച്ച് വ്യാജ ഓർഡർ നൽകി ഓട്ടോ ഡ്രൈവറിൽനിന്ന് 14,700 രൂപ തട്ടിയെടുത്തെന്ന് പരാതി. പാലക്കാട് വലിയങ്ങാടി കോഴിപ്പറമ്പ് വൃന്ദാവൻ ഗാർഡൻ സ്വദേശിയും പെട്ടി ഓട്ടോ ഡ്രൈവറുമായ വി. മണികണ്ഠനാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ ടൗൺ നോർത്ത് പോലീസ് കേസെടുത്തു. സൈബർ പോലീസും അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വലിയങ്ങാടി മേലാമുറിയിലെ ഒരു വ്യാപാരസ്ഥാപനത്തിലേക്ക് വിളിച്ചയാൾ ഇരുമ്പുപൈപ്പുകൾ ഓർഡർ ചെയ്തു. വാളയാറിലെ സിമന്റ് ഫാക്ടറിയിലേക്കാണെന്ന് പറഞ്ഞായിരുന്നു ഓർഡർ. കടയുടമയുടെ നിർദേശപ്രകാരം മണികണ്ഠൻ പൈപ്പുകൾ ഓട്ടോയിൽ കയറ്റി യാത്ര തിരിച്ചു.

യാത്രയ്ക്കിടെ ഓർഡർ നൽകിയയാളെ വിളിച്ച് സാധനങ്ങൾ ഇറക്കേണ്ട സ്ഥലം അന്വേഷിച്ചു. കോട്ടമൈതാനത്തിന് സമീപത്തെ ആശുപത്രിക്കരികിൽ ഓട്ടോ നിർത്താനായിരുന്നു നിർദേശം. നിർമാണമേഖലയിൽ ഉപയോഗിക്കുന്ന യന്ത്രം കൂടി വാഹനത്തിൽ കയറ്റാനുണ്ടെന്നും ഇയാൾ അറിയിച്ചു.

ആശുപത്രിക്കരികിൽ കാത്തുനിന്ന മണികണ്ഠനെ വീണ്ടും ഫോണിൽ വിളിച്ച് യന്ത്രം വാങ്ങാൻ പണം തികയില്ലെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ഗൂഗിൾ പേ വഴി 14,700 രൂപ കൈക്കലാക്കിയെന്നാണ് പരാതി. ഇതിൽ 5,000 രൂപ വിവരമറിഞ്ഞ് ഇരുമ്പുവ്യാപാരസ്ഥാപനത്തിൽനിന്ന് അയച്ചുകൊടുത്തതായിരുന്നെന്നും മണികണ്ഠൻ പറയുന്നു. പിന്നീട് വിളിച്ചപ്പോൾ ഓർഡർ നൽകിയയാളുടെ ഫോൺ സ്വിച്ച് ഓഫായി.

തട്ടിപ്പ് സംശയിച്ച വ്യാപാരസ്ഥാപനത്തിലെ മാനേജർ ഓട്ടോയിലുണ്ടായിരുന്ന സാധനങ്ങൾ തിരിച്ചെത്തിക്കാൻ മണികണ്ഠനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വീണ്ടും ഓർഡർ നൽകിയയാളുടെ നമ്പറിൽ വിളിച്ചപ്പോൾ പാലക്കാട് ടൗണിലെ ഒരു ബാറിലെത്തിയാൽ പണം തിരികെ നൽകാമെന്ന് അറിയിച്ചു. എന്നാൽ മണികണ്ഠൻ അവിടെയെത്തിയിട്ടും ആളെ കണ്ടെത്താനായില്ല.

പിന്നീട് നേരിട്ട് കടയിലെത്തി പണം നൽകാമെന്ന് ഇയാൾ വീണ്ടും വാഗ്ദാനം ചെയ്തു. ഇതോടെ ഏകദേശം 50,000 രൂപ വിലവരുന്ന ഇരുമ്പുപൈപ്പുകൾ വാഹനത്തിൽനിന്ന് ഇറക്കാതെ മണികണ്ഠൻ ഒന്നരദിവസത്തോളം കാത്തിരുന്നു. ഇതിനിടെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി.

ബുധനാഴ്ച വീണ്ടും വിളിച്ചപ്പോഴാണ് ഫോണെടുത്തയാൾ മറ്റൊരാളാണെന്ന് വ്യക്തമായത്. തന്റെ മൊബൈൽഫോൺ പാലക്കാട് റെയിൽവേ സ്റ്റേഷനിൽവെച്ച് മോഷണം പോയതാണെന്നും ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് സിം കാർഡാണ് ഉപയോഗിക്കുന്നതെന്നും ഇയാൾ അറിയിച്ചു. ഇതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ മണികണ്ഠൻ പോലീസിനെ സമീപിച്ചത്.

മണികണ്ഠൻ മൂന്ന് തവണയായി ഗൂഗിൾ പേ വഴി പണം അയച്ച അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ലഭിച്ചതോടെ സൈബർ പോലീസ് തുടർനടപടികൾക്കൊരുങ്ങുകയാണ്. മോഷ്ടിച്ച ഫോൺ ഉപയോഗിച്ചാണോ തട്ടിപ്പ് നടത്തിയതെന്നും പണം കൈപ്പറ്റിയ അക്കൗണ്ടിന് പിന്നിലുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

BREAKING NEWS
പാറശ്ശാലയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി; മണ്ണിടിച്ചിലിനെത്തുടർന്ന് നിരവധി ട്രെയിനുകൾ വൈകുന്നു, ചിലത് റദ്ദാക്കി
22 Oct 2026
BREAKING NEWS
’ജന്തർ മന്തറിൽ ഇനി സമരം ചെയ്യില്ല; ക്രമസമാധാനം തകർക്കില്ല’; ഉറപ്പുനൽകി സിജെപി നേതാക്കൾ; കോടതിയിൽ മാപ്പപേക്ഷിച്ചു, സൗരവ് ദാസും അശുതോഷ് റാങ്കയും തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി
22 Oct 2026
BREAKING NEWS
കട്ടപ്പന മാർക്കറ്റ് ജങ്ഷനിൽ കുടുംബത്തോടൊപ്പം നടന്നു പോകവെ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; മാതാപിതാക്കൾ ഒപ്പമുണ്ടെന്ന് മനസ്സിലാക്കിയതോടെ മദ്യലഹരിയിലായിരുന്ന പ്രതി ഓടി; ഒരുകിലോമീറ്ററോളം പിന്തുടർന്ന് പ്രതിയെ പിടികൂടി യുവതി
22 Oct 2026
BREAKING NEWS
പീരുമേട്ടിൽ കുടുംബവഴക്കിനിടെ കൂട്ടക്കൊല; ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു, ഭാര്യാപിതാവിനും പരിക്ക്
22 Oct 2026