കാൺപുർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഫാർമസ്യൂട്ടിക്കൽ വ്യവസായി വിനീത് മനോച്ച കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കൊലപാതകത്തിന് പിന്നിൽ മരുമകൾ ഷാലുവാണെന്നായിരുന്നു അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ നിഗമനം. എന്നാൽ വാടകക്കൊലയാളികൾ മൊഴി മാറ്റിയതോടെ വിനീതിന്റെ മകനും ഷാലുവിന്റെ ഭർത്താവുമായ സുബ്രത് മനോച്ചയെ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ അഞ്ചിനാണ് 60കാരനായ വിനീത് കല്യാൺപുരിലെ രതൻ ഓർബിറ്റ് അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം വിശാൽ ഗൗതം, രാജ്കിഷോർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം ഷാലുവിനെയും അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് ഷാലുവാണെന്നും ഇതിനായി ആറ് ലക്ഷം രൂപ നൽകിയെന്നും വിശാൽ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നു. കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളിൽ വിനീത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും ഷാലുവിനെ നിരന്തരം നിരീക്ഷിച്ചിരുന്നതും കൊലപാതകത്തിന് കാരണമായെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ചില സംശയങ്ങൾ ഉയർന്നതോടെ സുബ്രതിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കസ്റ്റഡി കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഷാലു, സുബ്രത്, വിശാൽ എന്നിവരെ വിവിധ ഘട്ടങ്ങളിലായി ഒരുമിച്ചും ഒറ്റയ്ക്കുമിരുത്തി പൊലീസ് ചോദ്യം ചെയ്തു.
ഇതിനിടെ വിശാൽ മൊഴി മാറ്റി. വിനീതിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ഷാലുവല്ല, സുബ്രതാണെന്നാണ് പുതിയ മൊഴി. ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്തതും വ്യാജതാക്കോൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതും സുബ്രതാണെന്നും വിശാൽ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പിടിക്കപ്പെട്ടാൽ ഷാലുവിന്റെ പേര് പറയണമെന്ന് സുബ്രത് ആവശ്യപ്പെട്ടതായും ഇയാൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെടുന്നതിനിടെ താക്കോൽ ഉപേക്ഷിച്ചെന്നാണ് വിശാൽ പറഞ്ഞത്. തുടർന്ന് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപത്തെ വിജനമായ പറമ്പിൽ നടത്തിയ പരിശോധനയിൽ പൊലീസ് താക്കോൽ കണ്ടെത്തി. രാജ്കിഷോർ കാണിച്ചുകൊടുത്ത കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്ഥലത്തുനിന്ന് രക്തം പുരണ്ട പാന്റും കറുത്ത സ്കാർഫും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
അതേസമയം, ചോദ്യം ചെയ്യലിനിടെ ഷാലു പൊട്ടിക്കരഞ്ഞതായും സുബ്രതിനെ സംരക്ഷിക്കാൻ വേണ്ടിയാണ് തന്നെ കേസിൽ കുടുക്കിയതെന്ന് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. എന്നാൽ സുബ്രത് കൊലപാതകക്കുറ്റം സമ്മതിച്ചിട്ടില്ല.
കൊലപാതകത്തിന് തൊട്ടുമുമ്പ് വിശാൽ പുതിയ സിം കാർഡ് എടുത്തതായും അതിൽനിന്ന് ആദ്യം വിളിച്ചത് സുബ്രതിനെ തന്നെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും മറ്റ് സാഹചര്യ തെളിവുകളും പരിശോധിച്ച് വിശാലിന്റെ പുതിയ മൊഴി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
സുബ്രതിനെ വ്യാഴാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കി. കേസിൽ ഷാലുവിനെ തെറ്റായി കുടുക്കിയതാണെന്ന് ആരോപിച്ച് അവരുടെ ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. വിനീതും ഷാലുവും തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും ഷാലുവിന് കൊലപാതകത്തിൽ പങ്കില്ലെന്നുമാണ് ബന്ധുക്കളുടെ വാദം.




