കോട്ടയം: മുസ്ലീം ലീഗിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് യുഡിഎഫ് ആയാണോ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിന് യുഡിഎഫിന്റേതായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നില ഇന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. മുസ്ലീം ലീഗ് എന്ന് പറയുന്നത് മെല്ലെ മെല്ലെ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും കീഴ്‌പെട്ട് പോവുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സിപിഎം കോട്ടയം ജില്ലാസമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന് പുറത്തുള്ള ശക്തികളെ തൃപ്തിപ്പെടുത്തിക്കൊണ്ട് മാത്രമേ അവര്‍ക്ക് മുന്നോട്ട് പാകാന്‍ സാധിക്കൂ. ആ പുറത്തുള്ള ശക്തികളില്‍ ഒന്ന് ജമാഅത്തെ ഇസ്ലാമിയാണ്. മറ്റൊന്ന് എസ്ഡിപിഐയും. യുഡിഎഫ് ഒരു മുന്നണിയെന്ന നിലയ്ക്ക് ആ മുന്നണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മുന്നണിയിലെ ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് മുസ്ലീം ലീഗ് ചില അഭിപ്രായങ്ങള്‍ പറയലും അത് കോണ്‍ഗ്രസ് അടക്കമുള്ള മറ്റുപാര്‍ട്ടികള്‍ അംഗീകരിക്കലും നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്. അതൊക്കെ ഒരു മുന്നണിക്കകത്ത് ചിലപ്പോള്‍ സ്വാഭാവികമായി നടന്നു എന്ന് വരും. ഇനി അങ്ങോട്ടെന്താ വരാന്‍ പോകുന്നത്. മുന്നണിയിലെ പാര്‍ട്ടിയുടെ അഭിപ്രായമല്ല, മുന്നണിക്ക് പുറത്തുള്ളവരുടെ താല്‍പര്യം കൂടി സംരക്ഷിച്ചുകൊണ്ട് അഭിപ്രായമുയരും. കാരണം, മുസ്ലീം ലീഗ് മെല്ലെ മെല്ലെ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും കീഴ്‌പെട്ട് പോവുകയാണ് – മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എന്ന് പറഞ്ഞാല്‍ എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. നാം കാണേണ്ടത് മഹാഭൂരിഭാഗം മുസ്ലിം ജനവിഭാഗവും തള്ളിക്കളഞ്ഞ ഒരു വിഭാഗമാണെന്നും ഈ രണ്ടിനെയും ഭൂരിഭാഗം മുസ്ലിം വിഭാഗം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗിന് എന്താ പ്രതിപത്തി. യുഡിഎഫിന്റെ പ്രതിപത്തി തന്നെ. നാല് വോട്ട്. ചില്ലറ സീറ്റ്. അതിന്റെ ഭാഗമായി പോരട്ടെ. അത് ഇനി മറ്റ് തലത്തിലേക്കെത്തും. നേരത്തെ കോലീബി സഖ്യം ഉണ്ടാക്കിയത് പോലെ ഉള്ള സംഖ്യം മാത്രമല്ല. ചിലയിടങ്ങളില്‍ നടക്കാറില്ലേ, മത്സരിച്ചോളൂ ഞങ്ങളുടെ ചിഹ്നം ഞങ്ങളുടെ സ്ഥാനാര്‍ത്ഥി എന്നാല്‍ നിങ്ങള്‍ . ആനിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് വരും. കാരണം അത്രമാത്രം ലീഗ് കാര്യങ്ങളില്‍ പിടിമുറുക്കാന്‍ കഴിയുന്ന അസ്ഥയിലേക്ക് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എത്തിയിരിക്കുന്നു – അദ്ദേഹം വിശദമാക്കി.
Leave a Comment