38 യാത്രക്കാരുടെ മരണത്തിന് കാരണമായ കസാഖിസ്താൻ വിമാനാപകടത്തിന് കാരണം റഷ്യയുടെ ആന്റി എയർ ക്രാഫ്റ്റ് സംവിധാനമാണെന്ന് പുതിയ റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിലാണ് പുതിയ വിവരം. റിപ്പോർട്ട് പ്രകാരം, അസർബൈജാൻ എയർലൈൻസിൻ്റെ വിമാനത്തെ റഷ്യൻ മിലിട്ടറി എയർ ഡിഫൻസ് സിസ്റ്റം വെടിവെച്ചിട്ടതാകാനാണ് സാധ്യതയെന്ന് യുകെ ആസ്ഥാനമായ സ്വതന്ത്ര ഏവിയേഷൻ സെക്യൂരിറ്റി സ്ഥാപനമായ ഓസ്പ്രേ ഫ്ലൈറ്റ് സൊല്യൂഷൻസ് പറഞ്ഞു. Kazakhstan plane crash
വിമാനത്തിൻ്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും തെക്കുപടിഞ്ഞാറൻ റഷ്യയിലെ വ്യോമാതിർത്തിയിലെ സാഹചര്യവും വെച്ച് നോക്കുമ്പോൾ വിമാനത്തിന് നേരെ ആന്റി എയർക്രാഫ്റ്റ് ഫയർ ഉണ്ടായതായി സംശയമുണ്ടെന്ന് ചീഫ് ഇൻ്റലിജൻസ് ഓഫീസർ മാറ്റ് ബോറി പറഞ്ഞു. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമടങ്ങുന്ന വിമാനം ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പോകുമ്പോഴാണ് കാസ്പിയൻ കടലിന് സമീപം തകർന്ന് വീണത്. അതേസമയം, സംഭവത്തിൽ വ്യത്യസ്തമായ വിശദീകരണങ്ങളാണ് റഷ്യൻ അധികൃതരും അസർബൈജാൻ അധികൃതരും നൽകുന്നത്.
മോശം കാലാവസ്ഥ വിമാനത്തിന്റെ പാത മാറ്റാൻ കാരണമായിരിക്കാമെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ബ്ലാക്ക് ബോക്സിന്റെ കണ്ടെത്തൽ കൂടുതൽ തെളിവുകൾ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പക്ഷിയെ ഇടിച്ചതാണ് വിമാനത്തിന്റെ അടിയന്തര ലാന്റിങ്ങിന് കാരണമായതെന്നാണ് റഷ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റിയായ റൊസാവിയാറ്റസിയ നൽകുന്ന വാദം. പക്ഷിയെ ഇടിക്കുന്നത് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായേക്കാം. എന്നാൽ ദിശ തന്നെ മാറി പോകുന്നത് എങ്ങനെയാണെന്ന് റഷ്യയുടെ വാദത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.
അതേസമയം, വിമാനത്തിന്റെ തകർച്ചക്ക് കാരണം റഷ്യയാണെന്ന് യുക്രൈൻ സുരക്ഷാ ഉദ്യോഗസ്ഥനായ ആൻഡ്രി കോവലെങ്കോ പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു വിമർശനം. ബാക്കുവിൽ നിന്ന് ഗ്രോസ്നിയിലേക്കുള്ള അസർബൈജാൻ എയർലൈൻസ് വിമാനം റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതാണെന്നും തെളിവുകൾ ഇല്ലാതാക്കാൻ റഷ്യ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ ടെയിൽ ഭാഗത്ത് സുഷിരങ്ങൾ രൂപപ്പെട്ടതായി വിദഗ്ധർ കണ്ടെത്തി. അതാണ് അപകടത്തിന് കാരണമെന്നും മിസൈൽ ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും വിദഗ്ധ സംഘം അറിയിച്ചു.
വിമാനം അപകടത്തിൽ പെടുമ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുത്തനെയുള്ള ഇറക്കത്തിലേക്ക് വിമാനം പതിക്കുമ്പോൾ തീഗോളങ്ങൾ ഉയരുന്നതായി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും
Leave a Comment