ആലപ്പുഴ: സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി ബാബു പാർട്ടി വിട്ട് ബിജെപിയിലേക്ക്. എന്നാൽ ഇതിനു പിന്നിൽ തനിക്കെതിരെ ഭാര്യയും കുടുംബവും ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണെന്നു സൂചന. നേരത്തെ ബിപിനെതിരെ പാർട്ടിക്കും പൊലീസിലും ഭാര്യ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. തുടർന്നാണു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ഭാര്യയെ ഒഴിവാക്കാൻ ബിപിൻ ആഭിചാരക്രിയ നടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. മർദിച്ചെന്ന് ആരോപിച്ച് ഭാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതോടെ സംഭവം പോലീസ് കേസായി. ഇതോടെ രാഷ്ട്രീയ വളർച്ചയ്ക്ക് ക്ഷീണവുമായി.
പാർട്ടി കുടുംബത്തിൽ നിന്നുള്ള മിശ്ര വിവാഹമായിരുന്നു ഇരുവരുടേതും. അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബുവും ഇടപെട്ടായിരുന്നു വിവാഹം നടത്തിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും വഴി ഉയർന്നുവന്ന നേതാവാണു ബിപിൻ. പിന്നീട് വിഭാഗീയതയുടെ ഭാഗമായി പാർട്ടിയുമായി അകൽച്ചയിലായി. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടു ബിപിൻ നടത്തിയ പരാമർശവും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
കായംകുളം കരീലക്കുളങ്ങര കളീയ്ക്കൽ സത്യന്റെ കൊലപാതകം പാർട്ടി ആലോചിച്ചു നടത്തിയതാണെന്നു ബിപിൻ മുൻപു സംസ്ഥാന സെക്രട്ടറിക്കു നൽകിയ കത്തിൽ പറഞ്ഞിരുന്നു. ഈ കേസിൽ പ്രതിയായ ശേഷം ബിപിൻ വിട്ടയയ്ക്കപ്പെട്ടതാണ്. എന്നാൽ സത്യൻ വധക്കേസിൽ ബിപിനെ പ്രതിയാക്കിയതു പാർട്ടിയല്ലെന്നും സത്യന്റെ മൊഴി പ്രകാരമാണെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകത്തിന്റെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തേണ്ടെന്ന താക്കീതും മന്ത്രി അന്നു നൽകി. ബിപിനെതിരായ നടപടിയുടെ കാലാവധി കഴിഞ്ഞപ്പോൾ ബ്രാഞ്ചിലേക്കാണു തിരിച്ചെടുത്തത്. ഇതിൽ ബിപിൻ അസ്വസ്ഥനായിരുന്നു.
സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിന്റെ അമ്മ. ഇവർ നേരത്തെ ബിഡിജെഎസ് നേതാക്കളുമായി ചർച്ച നടത്തിയതു സിപിഎമ്മിൽ ചർച്ചയായിരുന്നു. ഇതിനിടെയാണ് ബിപിൻ അപ്രതീക്ഷിതമായി ബിജെപി പാളയത്തിലെത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക വാങ്ങിയും ബിപിൻ സിപിഎമ്മിനെ സമ്മർദത്തിലാക്കിയിരുന്നു. പാർട്ടി വിടുന്നെന്നു പറഞ്ഞു ബിപിനും മാതാവ് കെ.എൽ. പ്രസന്നകുമാരിയും ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തു നേതൃത്വത്തിനു കത്തു നൽകിയിരുന്നു. പിന്നീടു മന്ത്രി സജി ചെറിയാൻ ഇടപെട്ടു പരിഹാര ശ്രമം നടത്തി. തുടർന്നു പ്രസന്നകുമാരി പാർട്ടി യോഗങ്ങളിൽ പങ്കെടുത്തു. അതോടൊപ്പം ബിപിനും തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഇറങ്ങി. എന്നാൽ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സംഘടനാ പര്‍വം യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ബിപിന്‍ സി. ബാബുവിന് അംഗത്വം നല്‍കിയത്. ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
Leave a Comment