മായയുമായി സൗഹൃദത്തിലായത് ഡേറ്റിങ് ആപ്പിലൂടെ, മറ്റൊരു പ്രണയമുണ്ടോയെന്ന സംശയം കൊലപാതകത്തിലെത്തിച്ചു, കൊലപ്പെടുത്തിയത് കഴുത്തിൽ കയർ കുരുക്കി, മരണം ഉറപ്പാക്കാൻ കത്തികൊണ്ട് കുത്തി; കീഴടങ്ങിയത് മുത്തച്ഛന്റെ നിർദേശപ്രകാരം

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്‌മെന്റിൽ അസം വ്‌ളോഗറായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് കണ്ണൂർ സ്വദേശി ആരവ് ഹനോയ്. മായയുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നും പിന്നീട് ആത്മഹ്യയ്ക്ക് ശ്രമിച്ചെന്നും ആരവ് പോലീസിന് മൊഴി നൽകി.

വ്‌ളോഗറായ മായയെ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഈ ബന്ധം ആറുമാസം നീണ്ടുനിന്നുവെങ്കിലം മായയ്ക്ക് മറ്റ് പ്രണയബന്ധമുണ്ടോയെന്ന സംശയം തോന്നുകയും ഇത് ചോദിച്ച് തർക്കമുണ്ടാകുകയും ചെയ്തു. അതിനുശേഷം ഓൺലൈനിലൂടെ കയറും കത്തിയും വാങ്ങി. പിന്നീട് കയർ കഴുത്തിൽ കുരുക്കി മായയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കാൻ ചങ്കിൽ കത്തികൊണ്ട് കുത്തുകയും ചെയ്തു.

പിന്നീട് മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ആരവിന്റെ മൊഴിയിൽ പറയുന്നു. ചോദ്യം ചെയ്യലിനിടെ കടുത്ത വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളും ആരവ് പ്രകടിപ്പിച്ചിരുന്നു. ഒരു മാനസിക വിദഗ്ദ്ധന്റെ സഹായം കൂടി തേടിയശേഷമാകും പോലീസ് ഇനി 21-കാരനെ ചോദ്യം ചെയ്യുക.

ശനിയാഴ്ച കോടതിയിൽ ഹാജരാക്കുന്ന ആരവിനെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകും. ആരവിന്റേയും മായയുടേയും കഴിഞ്ഞ ആറ് മാസത്തെ ഫോൺ കോളുകളും പോലീസ് പരിശോധിച്ചിരുന്നതായി പോലീസ്. ഇക്കാലയളവിൽ ആരവ് ഏറ്റവും കൂടുതൽ സംസാരിച്ചത് മായയോടാണ്. മറ്റാരുമായും കൃത്യമായ ആശയവിനിമയം ആരവ് നടത്തിയിട്ടില്ല.

കൊലയ്ക്ക്ശേഷം അപ്പാർട്‌മെന്റിൽ നിന്ന് ചൊവ്വാഴ്ച്ച രക്ഷപ്പെട്ട ആരവ് നാല് ദിവസത്തിനിടയിൽ സഞ്ചരിച്ചത് 2088 കിലോമീറ്ററാണ്. ആദ്യം ഉത്തര കർണാടകയിലെ റെയ്ച്ചൂരിലേക്കാണ് പോയത്. അവിടെ ഒരു ദിവസം തങ്ങി. അതിനുശേഷം ട്രെയിൻ മാർഗം മധ്യപ്രദേശിലേക്ക് കടന്നു. അവിടെ നിന്ന് ഉത്തർ പ്രദേശിലെ വാരാണസി സന്ദർശിച്ചു. അവിടെ നിന്ന് കണ്ണൂരിലെ തോട്ടടയിലെ വീട്ടിലേക്ക് ആരവ് വിളിച്ചിരുന്നു. മുത്തച്ഛനോട് സംസാരിക്കുകയും ചെയ്തു. കീഴടങ്ങാൻ മുത്തച്ഛൻ ആവശ്യപ്പെട്ടതോട ആരവ് സമ്മതിക്കുകയായിരുന്നു. പിന്നീട് പോലീസിനെ ഇക്കാര്യം അറിയിച്ചു. ബെംഗളൂരുവിലേക്ക് തിരിച്ചെത്താൻ പോലീസ് ആവശ്യപ്പെടുകയും തുടർന്ന് മടങ്ങിയെത്തിയ ആരവിനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുവച്ച് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം രണ്ടുദിവസം മൃതദേഹത്തിനൊപ്പം സർവീസ് അപ്പാർട്ട്മെന്റിലെ മുറിയിൽ കഴിഞ്ഞതിന് ശേഷമാണ് ആരവ് ബെംഗളൂരുവിൽനിന്ന് മുങ്ങിയത്. കൊലപാതകം നടന്ന അപ്പാർട്ട്മെന്റിൽനിന്ന് ടാക്സിയിൽ മെജസ്റ്റിക്കിലെത്തിയ പ്രതി, ഇവിടെനിന്ന് ട്രെയിൻ മാർഗമാണ് നഗരത്തിൽനിന്ന് കടന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് വിവിധ ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.

അതേ സമയം യുവതിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പോലീസ് പറയുന്നു. യുവതിയുമായി സർവീസ് അപ്പാർട്ട്മെന്റിൽ താമസിക്കാനെത്തിയ പ്രതി, ബാഗിൽ കത്തിയും ചാക്കും ഉൾപ്പെടെ കരുതിയിരുന്നു. ഓൺലൈൻ വഴി ഇയാൾ കയറും വാങ്ങി. കൃത്യം നടത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാൻ പ്രതി നീക്കം നടത്തിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച പ്രതി മുറിയിൽ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മൃതദേഹത്തിന് സമീപത്തിരുന്ന് സിഗരറ്റുകൾ വലിച്ചുതള്ളിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്.

നവംബർ 26-നാണ് ബെംഗളൂരു ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ റോയൽ ലിവിങ്സ് സർവീസ് അപ്പാർട്ട്‌മെന്റിൽ മായയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മായയും ആരവും 23-ാം തീയതി വൈകീട്ടോടെയാണ് സർവീസ് അപ്പാർട്ട്‌മെന്റിൽ മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയിൽ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് അപ്പാർട്ട്‌മെന്റിൽനിന്ന് പുറത്തുപോയത്. ഇതിനുപിന്നാലെ മുറിയിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. നെഞ്ചിലും തലയിലും ഉൾപ്പെടെ പരിക്കേറ്റ് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഗുവാഹത്തി സ്വദേശിയായ മായ ഗൊഗോയ് ജയനഗറിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. വ്‌ളോഗർ കൂടിയായ മായയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്‌സുണ്ട്. സഹോദരിക്കൊപ്പമാണ് മായ ബെംഗളൂരൂവിൽ താമസിച്ചിരുന്നത്. ആരവ് എച്ച്.എസ്.ആർ. ലേഔട്ടിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ സ്റ്റുഡന്റ് കൗൺസിലറായി ജോലിചെയ്തുവരികയായിരുന്നു.

pathram desk 5:
Related Post
Leave a Comment