നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ അഞ്ച് കോടി രൂപയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ; നേതാവിനെ പിടികൂടിയത് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ, ആരോപണങ്ങൾ നിഷേധിച്ച് നേതൃത്വം

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ നാടകീയ സംഭവവികാസങ്ങൾ. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പിടികൂടി. പൽഖാർ ജില്ലയിലെ വിരാറിലെ ഹോട്ടലിൽ വച്ച് ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് ദേശീയ നേതാവിനെ പിടികൂടിയത്.

മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രധാന നേതാവായ വിനോദ് താവ്‌ഡെ ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനിയാണ്. ഇയാളുടെ കൈയ്യിൽനിന്ന് പണം നൽകാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്‌ഡെയിൽ നിന്ന് കണ്ടെത്തിയെന്നും ആരോപണം. ഇത്തരത്തിൽ രണ്ട് ഡയറികൾ കണ്ടെത്തിയെന്ന് ബഹുജൻ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂർ പറഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാൻ പദ്ധതിയിട്ടതെന്നും ഇതിനെ കുറിച്ച് ഡയറിയിൽ പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പണം പിടികൂടിയതറിഞ്ഞ് ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ ബഹുജൻ വികാസ് അഘാഡി പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പണവിതരണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ഹോട്ടലിലെത്തിയത്. തുടർന്ന് വിനോദ് താവ്‌ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

പ്രവർത്തകർ ബാഗിൽ നിന്ന് നോട്ട് കെട്ടുകൾ ഉയർത്തിക്കാണിക്കുന്ന വീഡിയൊ ദൃശ്യങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. പൊലീസ് എത്തി വിനോദ് താവ്ഡെയെ സ്ഥലത്ത് നിന്ന് മാറ്റി. നല സോപാരയിലെ ബിജെപി സ്ഥാനാർഥിയായ രാജൻ നായിക്ക് വോട്ടർമാർക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടികൾ ഒഴുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിനോദ് താവ്‌ഡെയെ പോലുള്ള മുതിർന്ന ദേശീയ നേതാക്കൾ ഉൾപ്പടെ ഇതിൽ നേരിട്ട് പങ്കാളികളാവുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം എൻസിപി നേതാവ് സുപ്രിയ സുലേയും ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. നോട്ട് നിരോധനം നടപ്പിലാക്കിയ ബിജെപി തന്നെയാണ് മഹാരാഷ്ട്രയിൽ കോടികൾ ഒഴുക്കുന്നത്. എവിടെ നിന്നാണ് ഇത്രയും പണം വരുന്നതെന്നറിയണം. താവ്‌ഡെയെ പോലുള്ള മുതിർന്ന നേതാക്കൾ ഇതിന്റെ ഭാഗമാവുന്നത് ഞെട്ടിക്കുന്നതാണെന്നും സുലേ പറഞ്ഞു.

എന്നാൽ ബിജെപി നേതൃത്വം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ബഹുജൻ വികാസ് അഘാഡിയുടെ നാടകമാണിതെന്നും തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാനാണ് താവ്‌ഡെ ഹോട്ടലിലെത്തിയതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്നും സിസിടിവി ദൃശ്യങ്ങളുൾപ്പടെ പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

pathram desk 5:
Related Post
Leave a Comment