നീണ്ട 30 വർഷം നിർത്താതെ പുകവലിച്ച താനൊരു റോൾ മോഡലല്ലെന്ന് ബോളിവുഡ് നടൻ ഷാരുഖ് ഖാൻ. തന്റെ 59-ാം ജന്മദിനത്തിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിലാണ് പുകവലി ശീലം ഉപേക്ഷിക്കുന്നതായി താരം വെളിപ്പെടുത്തിയത്. താരത്തിന്റെ ആരാധകർ ഈ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിലരാകട്ടെ ഷാരൂഖിന്റെ പ്രഖ്യാപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുകവലി നിർത്താനും തീരുമാനിച്ചു. എന്നാൽ അത്തരക്കാർക്കുള്ള ഉപദേശവുമായി കിങ് ഖാൻ രംഗത്തെത്തിയിരിക്കുകയാണ്.
” സമൂഹത്തിനു മുൻപിൽ പുകവലി നിർത്തുന്നതിനുള്ള ഒരു റോൾ മോഡലായി സ്വയം കരുതുന്നില്ല. 30 വർഷം നിർത്താതെ വലിച്ച ഒരാളെന്ന നിലയിൽ പുകവലി ഉപേക്ഷിക്കാൻ ഞാൻ ഉപദേശിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. പുകവലിക്കുന്നത് നല്ലതല്ലെന്ന് നമുക്കെല്ലാം എപ്പോഴുമറിയാം. നിർത്താൻ പറ്റിയാൽ നല്ലത്. പറ്റുന്നില്ലെങ്കിൽ വളരെ മോശം. നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്ന സമയത്ത് അനുയോജ്യമായത് ചെയ്യുക”, നിങ്ങൾക്കെന്താണോ ശരിയെന്ന് തോന്നുന്നത്, അത് ചെയ്യുക. ഷാരൂഖ് കൂട്ടിച്ചേർത്തു.
പുകവലി ഉപേക്ഷിച്ചതിന് ശേഷം ശ്വാസതടസം അനുഭവപ്പെടില്ലെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷെ ഇപ്പോഴും ആ തോന്നലുണ്ട്. ഈ അവസ്ഥയോട് പൊരുത്തപ്പെടുകയാണെന്നും ഷാരുഖ് നവംബർ രണ്ടിന് മീറ്റ് ആൻഡ് ഗ്രീറ്റിനിടെ പറഞ്ഞിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ അത് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷാരൂഖ് പറഞ്ഞു.
നിറഞ്ഞ കൈയ്യടികളോടെയാണ് ആരാധകർ പുകവലി നിർത്താനുള്ള താരത്തിന്റെ പ്രഖ്യാപനം സ്വീകരിച്ചത്. പുകവലി ശീലങ്ങളെക്കുറിച്ച് നേരത്തെ തന്നെ പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട് താരം . 2011-ൽ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു ദിവസം 100 സിഗരറ്റുകൾ വരെ വലിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. വെള്ളം കുടിക്കാറില്ലെന്നും ദിവസം 30 കപ്പ് കട്ടൻ കാപ്പി കുടിക്കാറുണ്ടെന്നും അന്ന് ഷാരൂഖ് പറഞ്ഞിരുന്നു. എന്നാൽ കട്ടൻ കുടിക്കുന്ന ശീലം ഉപേക്ഷിച്ചോയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
Leave a Comment