വാഹന ഉടമകൾ ശ്രദ്ധിക്കുക: കർശന നടപടിക്കൊരുങ്ങി കേന്ദ്രം

കൊച്ചി: തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. 4,000 രൂപ വരെ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ്.

മോട്ടോർ വാഹന നിയമത്തിലെ 1988-ലെ സെക്ഷൻ 146 പ്രകാരം ഇന്ത്യൻ റോഡുകളിൽ ഓടുന്ന മോട്ടോർ വാഹനങ്ങൾക്ക് തേർഡ് പാർട്ടി റിസ്‍കുകൾ ഉൾക്കൊള്ളുന്ന ഇൻഷുറൻസ് പോളിസി ആവശ്യമാണ്. ഇത് ഇല്ലാതെ വാഹനം ഓടിക്കുകയോ ഓടിക്കാൻ അനുവദിക്കുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് നിയമം ലംഘിച്ചതിന് തടവ് ശിക്ഷ ഉൾപ്പെടെ ലഭിക്കുമെന്നാണ് മന്ത്രാലയം പറഞ്ഞിരിക്കുന്നത്.

ആദ്യതവണ കുറ്റം ചെയ്‍താൽ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ 2,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം. കുറ്റം പിന്നെയും ആവർത്തിച്ചാൽ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ 4,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം. വാഹന ഉടമകൾ സ്വന്തം വാഹനത്തിന് തേർഡ്-പാർട്ടി ഇൻഷുറൻസ് ഉണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ എത്രയും വേഗം ഇൻഷുറൻസ് എടുക്കുകയോ പുതുക്കുകയോ ചെയ്യേണം. ഇന്ത്യൻ റോഡുകളിൽ ഓടുന്ന 56 ശതമാനം വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാത്തവയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കർശന നടപടിക്ക് ഒരുങ്ങുന്നത്. ഇത് നിയമപരമായ ആവശ്യം എന്നതിന് പുറമേ, ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുക എന്നത് ഒരു ഉത്തരവാദിത്തമാണ്. കാരണം ഇത് അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാകുമ്പോൾ ഇരകൾക്ക് പിന്തുണ നൽകും എന്നത് തന്നെയാണ് കാര്യം.

pathram:
Related Post
Leave a Comment