ഫണ്ടില്ല,​​ ഗ്രൗണ്ടുകൾ സജ്ജീകരിച്ചില്ല; ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ തന്നെ മതിയെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും, റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നും നിർദേശം. പരിഷ്കരണം നടപ്പാക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ സജ്ജീകരണങ്ങൾ പൂർത്തിയായില്ലെന്ന വാർത്തകൾ ഉണ്ടായിരുന്നു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയാണ് മന്ത്രിയുടെ നിർദേശം. മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാല്‍ പുതിയ രീതിയില്‍ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു എംവിഡി. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തി പുറകോട്ട് എടുക്കുന്നതും ഉള്‍പ്പെട്ടതാണ് കാറിന്റെ ലൈസന്‍സ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടില്‍ വേണം. ഇതൊക്കെ നടപ്പിലാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്. ചുരക്കത്തിൽ ഗണേഷ് കുമാർ മന്ത്രിയായ ഉടൻ പ്രഖ്യാപിച്ച പരിഷ്കരണങ്ങൾ പലതും പഴയപടി തന്നെ തുടരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

pathram:
Leave a Comment