എഴുത്തുകാരി പി വത്സല അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെതേടിയെത്തിയിട്ടുണ്ട്. 2021 ൽ എഴുത്തച്ഛൻ പുരസ്കാരവും വത്സല സ്വന്തമാക്കിയിട്ടുണ്ട്. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.നെല്ല് , എന്‍റെ പ്രിയപ്പെട്ട കഥകൾ , ഗൗതമൻ , മരച്ചോട്ടിലെ വെയിൽ ചീളുകൾ തുടങ്ങിയവയാണ് പ്രശസ്തമായ കൃതികൾ. നെല്ല് ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ് എൽ പുരം സദാനന്ദന്‍റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. സാഹിത്യ അക്കാദമിയുടെ അധ്യക്ഷ പദവിയും വത്സല അലങ്കരിച്ചിട്ടുണ്ട്.

കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്കും എഴുത്തച്ഛൻ പുരസ്‌കാരത്തിനുമൊപ്പം മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ പി വത്സലക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായിരുന്നു. 1993 ലാണ് കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപിക സ്ഥാനത്ത് നിന്നും വത്സല വിരമിച്ചത്. ശേഷം സാഹിത്യ ലോകത്ത് കൂടുതൽ സജീവമായ വത്സല കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷ എന്ന നിലയിലും മികവ് തെളിയിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമായി മലയാള സാഹിത്യ ലോകത്തെ വത്സല സമ്പന്നമാക്കി.

pathram desk 2:
Leave a Comment