ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് സച്ചിനെ പുറത്താക്കുന്ന ചിത്രം പങ്കുവച്ച് അക്തര്‍…. താരത്തെ അടിച്ച് പരത്തി ആരാധകരും

അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പുറത്താക്കുന്ന ചിത്രം പങ്കുവെച്ച മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ടെസ്റ്റില്‍ സച്ചിനെ പുറത്താക്കുന്ന ചിത്രം പങ്കുവെച്ച് നാളെ ഇതുപോലെ വല്ലതും ചെയ്യേണ്ടിവരുമെന്നാണ് അക്തര്‍ എക്‌സില്‍ കുറിച്ചത്. എന്നാല്‍ അക്തറിന്റെ ഈ പ്രവര്‍ത്തി ആരാധകര്‍ക്ക് അത്രപിടിച്ചില്ല.

2003ലെ ലോകകപ്പില്‍ സച്ചിനും കഴിഞ്ഞ ലോകകപ്പില്‍ വിരാട് കോലിയുമെല്ലാം പാക് ബൗളര്‍മാരെ തല്ലിപ്പറത്തുന്ന ചിത്രം പങ്കുവെച്ചാണ് ഇന്ത്യന്‍ ആരാധകര്‍ ഇതിന് മറുപടി നല്‍കുന്നത്. 2003ലെ ലോകകപ്പില്‍ സച്ചിനെ പുറത്താക്കുമെന്ന് വീമ്പ് പറഞ്ഞെത്തിയ അക്തറെ സച്ചിനും സെവാഗും ചേര്‍ന്ന് തല്ലിപ്പരത്തിയിരുന്നു. 75 പന്തില്‍ 98 റണ്‍സടിച്ച സച്ചിനെ അവസാനം അക്തര്‍ തന്നെയാണ് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാക് പേസറായ ഹാരിസ് റൗഫിനെ തുടര്‍ച്ചയായി സിക്‌സിന് പറത്തി വിരാട് കോലി ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചിരുന്നു. ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഇന്ന് അഹമ്മദാബാദില്‍ പാകിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യ മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്.

ആദ്യ മത്സരങ്ങളില്‍ കരുത്തരായ ഓസ്‌ട്രേലിയയെും അഫ്ഗാനിസ്ഥാനെയും തകര്‍ത്താണ് ഇന്ത്യ ലോകകപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് തയാറെടുക്കുന്നത്. മറുവശത്ത് ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയും രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെയും തകര്‍ത്താണ് പാകിസ്ഥാന്റെ വരവ്.അഹമ്മദാബാദിലെ 132000 കാണികള്‍ക്ക് മുന്നില്‍ ഇരുടീമും മുഖാമുഖം വരുമ്പോള്‍ ആവേശം പരകോടിയിലെത്തും. ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് മുന്നില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ലോകകപ്പില്‍ ഇന്ത്യക്കെിരെ ആദ്യ ജയം തേടിയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ആഘാതം പാകിസ്ഥാനുണ്ട്. അതിന്റെ കണക്കു തീര്‍ക്കല്‍ കൂടി പാകിസ്ഥാന്റെ ലക്ഷ്യമാണ്.

pathram desk 1:
Leave a Comment