‘സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ല, വ്യക്തതതേടാം’; രാജ്ഭവന് നിയമോപദേശം

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവെച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്ഞ തടയാന്‍ കഴിയില്ലെന്നും എന്നാല്‍ ഭരണഘടനയെ അവഹേളിച്ച കേസുള്ളതിനാല്‍ ഗവര്‍ണര്‍ക്ക് വ്യക്തത തേടാമെന്നും നിയമോപദേശത്തില്‍ പറയുന്നു.

സി.പി.എം. സംസ്ഥാന സെക്രട്ടേറയറ്റിന്റെ തീരുമാനപ്രകാരമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താനാണ് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ ഗവര്‍ണര്‍ കശ്മീരിലാണുള്ളത്. തിങ്കളാഴ്ച വൈകീട്ടോടെ തിരിച്ചെത്തും.

പൂര്‍ണ്ണമായൊരു നിയമോപദേശം ലഭിച്ചില്ലെങ്കിലും, ഏതെങ്കിലുമൊരു വ്യക്തിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സമീപിച്ചാല്‍ അനുമതി കൊടുക്കാന്‍ ബാധ്യസ്ഥനാണെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന നിയമപരമായ അഭിപ്രായങ്ങള്‍. ഭരണഘടനാപരമായ ഉത്തരവാദിത്തമാണത്.

മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ബാധ്യതയുണ്ടെങ്കിലും സത്യപ്രതിജ്ഞാ തീയതി ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. തിങ്കളാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ജനുവരി ആറിന് ഡല്‍ഹിയിലേക്ക് പോകും. കേസില്‍ അന്തിമതീര്‍പ്പുണ്ടാവാതെ സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിക്കണോ എന്നകാര്യത്തില്‍ ഗവര്‍ണര്‍ മാത്രമാണ് തീരുമാനം എടുക്കേണ്ടത്.

മന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യവും നിലവിലെ കോടതി നടപടികളും വിലയിരുത്തിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടിയത്. ആദ്യപടിയായി ഗവര്‍ണറുടെ നിയമോപദേഷ്ടാവില്‍നിന്നും ആവശ്യമെങ്കില്‍ ഭരണഘടനാവിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരില്‍നിന്നും നിയമോപദേശം സ്വീകരിക്കാനായിരുന്നു തീരുമാനം.

pathram:
Leave a Comment